ദീപ്തിയെ വീഴ്ത്തിയത് 'മുനമ്പം' പേടി; ലത്തീൻ സഭയെ പിണക്കാതെ കോൺഗ്രസ്, ബിജെപി നീക്കത്തിന് തടയിട്ടു
കൊച്ചി : കൊച്ചിയിലെ മേയർ സ്ഥാനം ഏറെ ആഗ്രഹിച്ച നേതാവാണ് ദീപ്തി മേരി വർഗീസ്. കോൺഗ്രസിനായി ചാനൽ ചർച്ചകളിൽ പോലും തിളങ്ങുന്ന നേതാവ് .പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യുന്ന പ്രവർത്തക . തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ യു ഡി എഫിനെ നയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ നയിച്ചു .
അധികാരത്തിലെത്തിയപ്പോൾ തഴയപ്പെട്ടതിൻ്റെ വേദന ഉള്ളിലൊതുക്കി ദീപ്തി മേരി വർഗീസ് പാർട്ടി തീരുമാനം പരിഭവത്തോടെ തന്നെ അംഗീകരിച്ചു . പലരും പ്രതീക്ഷിച്ച പൊട്ടിത്തെറി ഉണ്ടായില്ല .ദീപ്തിയുടെ കഴിവും അർഹതയും പാർട്ടിയുടെ മുതിർന്ന നേതാക്കളും സമ്മതിച്ചു .
ദീപ്തി ലത്തീൻ സഭയ്ക്ക് വേണ്ടപ്പെട്ടയാൾ അല്ലാത്തത് കൊണ്ടാണ് മേയർ സ്ഥാനത്ത് നിന്നും അവഗണിക്കപ്പെട്ടത് എന്ന യാഥാർഥ്യം കോൺഗ്രസുകാർ ഉൾക്കൊള്ളുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പള്ളി അങ്കണമാണ് സമര ഭൂമിയായി മാറിയത്.
കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും സമരത്തെ പിന്തുണച്ച് പള്ളി മുറ്റത്തെത്തി . കോൺഗ്രസും സമരക്കാർക്ക് ഒപ്പമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സമരം നടക്കുന്ന വാർഡിൽ ബി ജെ പി നേടിയ വിജയം കോൺഗ്രസിന് പാഠമായി . ലത്തീൻ സഭയെ പിണക്കിയാൽ ദോഷം ചെയ്യുമെന്ന സന്ദേശം പാർട്ടി മനസിലാക്കി .
തിരുവനന്തപുരം മുതൽ എറണാകുളം വരെ ലത്തീൻ സഭയുടെ പിന്തുണ ഗുണം ചെയ്ത കാര്യം കോൺഗ്രസ് നേതാക്കൾക്ക് നല്ലത് പോലെ അറിയാം . അവസരം മുതലെടുക്കാൻ ബി ജെ പി കൂടി കളത്തിലിറങ്ങുമ്പോൾ തിരുവനന്തപുരം പാർലമെൻ്റ് സീറ്റ് പോലും കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് നീക്കം .
പാർട്ടിക്ക് സ്വാധീനമുള്ള തൃക്കാക്കര സീറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ കോൺഗ്രസ് പരിഗണിക്കാൻ സാധ്യതയുണ്ട് . ലത്തീൻ സഭ എന്ന ഘടകത്തിലേക്ക് പാർട്ടി എത്തിയതും അതിൻ്റെ പ്രാധാന്യവും ദീപ്തി മനസിലാക്കുമെന്നും നേതൃത്വത്തിനറിയാം . ദീപ്തിയുടെ പരിഭവം കത്തി പടരുന്ന കനലാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നതും അത് കൊണ്ട് തന്നെ