യുപിയിൽ മരണം 89 കടന്നു; തകർത്തെറിഞ്ഞ് കൊടുങ്കാറ്റും മഴയും, ദുരിതാശ്വാസം ഉടൻ എത്തിക്കാൻ യോഗി
ലക്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത കൊടുങ്കാറ്റിലും കനത്ത മഴയിലും മിന്നലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. ദുരന്തത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും നൂറിലധികം കന്നുകാലികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്തുടനീളം 87 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം എത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡിവിഷണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ നേരിട്ട് പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആശ്വാസ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് പ്രയാഗ്‌രാജ് ജില്ലയിലാണ്; 17 പേർ ഇവിടെ മരിച്ചു. ഭദോഹിയിൽ 16-ഉം ഫത്തേപ്പൂരിൽ ഒൻപതും പേർക്ക് ജീവൻ നഷ്ടമായി.