ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം; പരിശോധന ജയ്നമ്മ തിരോധാനക്കേസില്‍, ശരീരാവശിഷ്ടം മറ്റൊരാളുടേതെന്ന് സംശയം

ആലപ്പുഴ ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം ശരീരാവശിഷ്ടം വർഷങ്ങൾക്ക് മുൻപ് കാണാതായ ബിന്ദു പത്മനാഭൻ്റേതാണോയെന്നാണ് സംശയം.
2024 ഡിസംബർ 28 നാണ് ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ കാണാനില്ലെന്ന പരാതി വന്നത്. കോട്ടമുറി കാക്കനാട്ട്കാലയിലെ വീട്ടിൽ ഭർത്താവ് അപ്പച്ചനൊപ്പമായിരുന്നു ജയ്നമ്മ താമസം. സ്ഥിരമായി ധ്യാന കേന്ദ്രങ്ങളിൽ പോകുന്നത്തിനാൽ കാണാതായി നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ പരാതി നൽകിയത്.
തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത് എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അതേസമയം, സെബാസ്റ്റ്യൻ വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലെ ഒന്നാം പ്രതിയാണ്. ബിന്ദു കൊല്ലപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
ഇതോടെയാണ് അസ്ഥികൂടം ബിന്ദു പത്മനാഭന്റേതാണോയെന്നുള്ള സംശയം പൊലീസിനുള്ളത്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.