ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയുമായി 'ഡേവിഡ്'; മാർച്ച് 12 മുതൽ രാജ്യാന്തര റിലീസ്

 
DAVID

മെക്സിക്കോ സിറ്റി: ബൈബിളിലെ ഇതിഹാസ കഥാപാത്രമായ ദാവീദ് രാജാവിന്റെ ജീവിതം ദൃശ്യവൽക്കരിക്കുന്ന ബൃഹദ് ആനിമേഷൻ ചിത്രം ‘ഡേവിഡ്’ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ റിലീസിനൊരുങ്ങുന്നു. മാർച്ച് 12 മുതൽ മെക്സിക്കോ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഏഞ്ചൽ സ്റ്റുഡിയോസ്, 25 21 എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള വിഖ്യാതമായ പോരാട്ടത്തിനപ്പുറം അദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത വശങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നതെന്ന് സംവിധായകൻ ബ്രെന്റ് ഡാസ് പറഞ്ഞു. ദാവീദിന്റെ രാജാവായുള്ള അഭിഷേകം, സാവൂൾ രാജാവുമായുള്ള സങ്കീർണമായ ബന്ധം, അദേഹത്തിന്റെ സംഗീത നൈപുണ്യം, ആത്മീയത എന്നിവയ്ക്ക് സിനിമയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ പ്രശസ്ത ഗായകൻ ഫിൽ വിക്കാം ആണ് ദാവീദ് രാജാവിന് ശബ്ദം നൽകിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി ഘട്ടം ഘട്ടമായാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 12 ന് മെക്‌സിക്കോ, അര്‍ജന്റീന, പെറു, ഇക്വഡോര്‍, പനാമ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, നിക്കരാഗ്വ, പരാഗ്വേ, ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രം മാര്‍ച്ച് 19 ന് കൊളംബിയ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 30 നാണ് ചിലിയില്‍ ചിത്രത്തിന്റെ റിലീസ്. 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹവും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണിത്.

Tags

Share this story

From Around the Web