ദളിത് യുവാവിന് നേരെ വധശ്രമം; കേസ് അട്ടിമറിക്കാൻ പൊലീസും സ്വകാര്യ ആശുപത്രിയും പ്രതികൾക്കൊപ്പം നിന്നെന്ന് പരാതി. ബിജെപി നേതാവായ പ്രതിയും ബന്ധുക്കളും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവാവ്

ദളിത് യുവാവിനെതിരായ വധശ്രമ കേസ് പൊലീസും സ്വകാര്യ ആശുപത്രിയും പ്രതികളും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് പരാതി. സ്വകാര്യ ആശുപത്രി നൽകിയ തെറ്റായ വൂണ്ട് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേസിലെ പ്രതി ഇടക്കാല ജാമ്യം നേടിയെന്ന് തൃശൂർ കൊടകര ചെറുകുന്ന് സ്വദേശി അക്ഷയ് കൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ കൊടകര ശാന്തി ആശുപത്രിക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകിയിരിക്കുകയാണ് അക്ഷയ് കൃഷ്ണൻ.
ഏപ്രിൽ 16 ന് തന്നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടകര ചെറുകുന്ന് സ്വദേശി സിദ്ധൻ ഭായിയെ സഹായിക്കാനാണ് നീക്കമെന്നാണ് യുവാവിൻ്റെ ആരോപണം. പ്രതിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം കൊലപാതക ശ്രമം മറച്ച് പിടിച്ച് ബൈക്ക് അപകടമാക്കി. റിമാൻഡ് റിപ്പോർട്ടിൽ കൊലപാതക ശ്രമം കൃത്യമായി രേഖപ്പെടുത്തിയ പൊലീസ്, തെറ്റായ വൂണ്ട് സർട്ടിഫിക്കറ്റ് നൽകി കോടതികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അക്ഷയ് കൃഷ്ണൻ പറഞ്ഞു.
യുവാവിനെ വെട്ടിയ വാൾ കിട്ടിയെന്ന് പറഞ്ഞായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ സ്റ്റേഷനിലെത്തിയതോടെ അക്ഷയ് വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന വിചിത്രവാദമായിരുന്നു പൊലീസ് ഉന്നയിച്ചത്. സിസിടിവി ക്യാമറ ഇല്ലായിരുന്നെങ്കിൽ മുഖത്തടിച്ചേനെ എന്നടക്കം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അക്ഷയ് ആരോപിച്ചു.
ബിജെപി പ്രാദേശിക നേതാവായ പ്രതിയും ബന്ധുക്കളും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും അക്ഷയ് ഉന്നയിക്കുന്നുണ്ട്. ശേഷം കേസിൽ പരാതി ഇല്ലെന്ന് ഒപ്പിട്ടുവാങ്ങുകയായിരുന്നു. ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയ രേഖയുടെ ബലത്തിലാണ് കേസിൽ പ്രതി ഇടക്കാല ജാമ്യം നേടിയത്.കൊലപാതക ശ്രമം മറച്ചു പിടിച്ച പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത് മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകളാണ്.