ചക്രവാതച്ചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 
rain

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള തീരത്തോട് ചേർന്നാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമെ, അറബിക്കടൽ മുതൽ മധ്യപ്രദേശ് വരെ കർണാടക, മഹാരാഷ്ട്ര വഴി സമുദ്രനിരപ്പിൽ നിന്നും 0.9 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ശനിയാഴ്ച മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് നൽകുന്നത്.

മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉച്ചയ്ക്ക് ശേഷം ലഭിക്കുന്ന ഇടിമിന്നലോടു കൂടിയ മഴ അപകടകാരി ആയതിനാൽ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web