സ്ത്രീകൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ വർധിക്കുന്നു; അഞ്ച് വർഷത്തിനിടെ പരാതികൾ ഇരട്ടിയായി

 
222

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025 ൽ മാത്രം ഏകദേശം രണ്ടര ലക്ഷത്തിലധികം പരാതികളാണ് ഓൺലൈൻ വഴിയുള്ള അതിക്രമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയ വഴിയുള്ള ശല്യം ചെയ്യൽ, വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കൽ, വ്യക്തിവിവരങ്ങൾ ചോർത്തൽ എന്നിവയിലാണ് ഏറ്റവും വലിയ വർധനവ് ഉണ്ടായിരിക്കുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അഞ്ചിരട്ടിയായാണ് വർധിച്ചത്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും വ്യക്തിത്വ മോഷണവും മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയർന്നു. സൈബർ ഇടങ്ങളിൽ വ്യക്തിവിവരങ്ങൾ സുരക്ഷിതമല്ലെന്നതും കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്തതും ഇത്തരം അതിക്രമങ്ങൾ കൂടാൻ പ്രധാന കാരണമാകുന്നു.

സൈബർ കുറ്റകൃത്യങ്ങൾ തടയാനായി നൂറ് കോടിയിലധികം രൂപ സർക്കാർ ചിലവാക്കുകയും മുപ്പതിലധികം സംസ്ഥാനങ്ങളിൽ അത്യാധുനിക ലാബുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സൈബർ മേഖലയിലെ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകുന്നതായും മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, പരാതികളിൽ എത്രത്തോളം കേസുകൾ രജിസ്റ്റർ ചെയ്തെന്നോ, കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags

Share this story

From Around the Web