ഹണി ഭാസ്‍കറിനെതിരായ സൈബർ ആക്രമണം; പ്രതിപ്പട്ടികയിൽ മുൻ ഐപിഎസ് ഓഫീസറും

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറിന്റെ പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിപട്ടികയിൽ മുൻ ഐപിഎസ് ഓഫീസറും ഉൾപ്പെടുന്നു. റിട്ട. പൊലീസ് ഉദ്യാഗസ്ഥൻ ഡി. മധു കേസിലെ നാലാം പ്രതി. മധു ഡി ഊർക്കനകൻ എന്ന പേജിലൂടെയാണ് സൈബർ ആക്രമണം നടത്തിയത്.
തിരുവനന്തപുരം സിറ്റി പോലീസ് ആണ് എഫ്ഐഎആർ രജിസ്റ്റർ ചെയ്തത്. മധു, പോൾ ഫ്രെഡി, അഫ്സൽ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസ്. ഹണി ഭാസ്കറിന്റെ ഫേസ്ബുക്കിൽ നിന്നും ചിത്രങ്ങളെടുത്ത്, അവരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ഷാഫി പറമ്പിൽ എംപിക്ക് താൻ പരാതി നൽകിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ 24 നോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് തന്നെ ഷാഫിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതാണ്. ഷാഫി പറമ്പിലിന് എല്ലാമറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്ന് ഹണി ഭാസ്കരൻ ആവർത്തിച്ചു.