സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കെ.എം.ഷാജഹാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

സിപിഎം നേതാവ് കെ.ജെ ഷൈൻ നൽകിയ പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ, യൂട്യൂബർ കെ.എം.ഷാജഹാൻ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം റൂറൽ സൈബർ പോലീസ് ഇരുവർക്കും നോട്ടീസ് നൽകിയിരിന്നു.
കഴിഞ്ഞദിവസം ഇരുവരുടെയും വീട്ടിൽ പ്രത്യേക അന്വേഷണ സംഘവും പറവൂർ പോലീസും പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ മലപ്പുറം സ്വദേശിയായ കൊണ്ടോട്ടി അബു എന്ന യൂട്യൂബ് ചാനൽ നടത്തുന്ന യാസർ എടപ്പാളിനെയും പ്രതിചേർത്തിട്ടുണ്ട്.
കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എം റെജിക്കെതിരെ ഇന്നലെ കെ.ജെ ഷൈൻ പരാതി നൽകിയിരുന്നു. കേസിൽ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്ത് അടക്കമുള്ളവരെ പ്രതിചേർക്കുന്ന കാര്യത്തിൽ മെറ്റാ റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണസംഘം തീരുമാനമെടുക്കും.