നിലവിലെ ഉടമകളെ ബാധിക്കില്ല, ഒരുലക്ഷം ഡോളര്‍ പുതിയ എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് മാത്രം, വ്യക്തത വരുത്തി വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി അമേരിക്ക. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.
ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി വിസകള്‍ പുതുതായി നല്‍കുന്നത് നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും അവര്‍ പറഞ്ഞു.
'ഇത് വാര്‍ഷിക ഫീസല്ല. ഇത് ഒറ്റത്തവണ ഫീസാണ്. പുതിയ വിസകള്‍ക്ക് മാത്രം, പുതുക്കലുകള്‍ക്ക് അല്ല, നിലവിലുള്ള വിസ ഉടമകള്‍ക്ക് അല്ല,'- കരോലിന്‍ ലെവിറ്റ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. '
ഇതിനകം എച്ച്-1ബി വിസ കൈവശമുള്ളവരും നിലവില്‍ രാജ്യത്തിന് പുറത്തുള്ളവരുമായവര്‍ക്ക് വീണ്ടും പ്രവേശിക്കുന്നതിന് 100,000 ഡോളര്‍ ഈടാക്കില്ല. എച്ച്-1ബി വിസ ഉടമകള്‍ക്ക് സാധാരണ ചെയ്യുന്ന അതേ പോലെ രാജ്യം വിടാനും വീണ്ടും പ്രവേശിക്കാനും കഴിയും,'- കരോലിന്‍ ലെവിറ്റ് പറഞ്ഞു.