ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാറിൽ നിർണായക ചർച്ച; മോദി- കെയ്ർ സ്റ്റാർമർ കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ

ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടത്തുക. വ്യവസായ പ്രമുഖരും വൈസ് ചാൻസലർമാരും അടക്കം നൂറിലേറെ പേർ അടങ്ങുന്ന സംഘമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയിൽ എത്തിയത്.
ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിൽ എത്തി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ വിവിധ മേഖലകളിൽ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ പ്രധാനമന്ത്രിമാർ ചർച്ചചെയ്യും.ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം കെയർ സ്റ്റാർമർ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലും കെയർ സ്റ്റാർമർ പങ്കെടുക്കും.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളിൽ നടത്തിയ ചർച്ചകളിലെ പുരോഗതി പിന്തുടർന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക.
വ്യാപാര കരാറിൽ ഏർപ്പെടാൻ സാധിച്ച സാഹചര്യത്തിൽ ഇതിന്റ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തക്കവിധം തുടർ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ബ്രിട്ടനും ശ്രമിക്കും. ഇത്തരത്തിൽ ഏറെ നയതന്ത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചകളാകും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തിൽ ഉണ്ടാകുക.