തായ്‌ലൻഡിൽ ട്രെയിനിനു മുകളിൽ ക്രെയിൻ വീണ് അപകടം; 19 മരണം
Jan 14, 2026, 12:51 IST
തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് നിർമ്മാണപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ക്രെയിൻ വീണ് 19 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലാണ് നാടിനെ നടുക്കിയ ഈ വലിയ അപകടം നടന്നത്. ക്രെയിൻ വീണതിനെത്തുടർന്ന് ട്രെയിൻ പാളംതെറ്റുകയും ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു.
അപകടത്തിൽ എൺപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അതിവേഗ റെയിൽവേപാതയുടെ നിർമ്മാണത്തിനിടെയാണ് ക്രെയിൻ നിയന്ത്രണം വിട്ട് ട്രെയിനിനു മുകളിലേക്കു പതിച്ചത്. തകർന്ന ബോഗികൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് സംശയിക്കുന്നു.
നിലവിൽ ട്രെയിനിലെ തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. അപകടസ്ഥലത്ത് പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിവരികയാണ്. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റി.