ഉമ്മൻചാണ്ടിയുടെ പോസ്റ്റർ നശിപ്പിച്ചതിന് പിന്നിൽ സിപിഐഎം; ആരോപണവുമായി ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും
കോട്ടയം/കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതിന് പിന്നിൽ സി.പി.എം ആണെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എയും പി.സി. വിഷ്ണുനാഥും രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണിതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്നും ഇക്കാര്യത്തിൽ തനിക്ക് പ്രത്യേക അഭിപ്രായങ്ങൾ പറയാനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം മിനിറ്റുകൾക്കകം ഉണ്ടാകുമെന്ന് താൻ നേരത്തെ പറഞ്ഞത് ശുഭാപ്തിവിശ്വാസം കൊണ്ടാണെന്നും, കാര്യങ്ങൾ അത്ര വേഗത്തിൽ നടക്കുമെന്ന് പ്രതീക്ഷിച്ചതായും പി.സി. വിഷ്ണുനാഥ് വിശദീകരിച്ചു. അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക് നീങ്ങുന്നതിനിടെ, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർട്ടിയെയും ജനങ്ങളെയും ഏത് ആപത്തിൽ നിന്നും രക്ഷിക്കാൻ ചെന്നിത്തലയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പോസ്റ്ററിലെ വാചകം. എറണാകുളത്തെ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചെന്നിത്തലയ്ക്കായുള്ള ഈ പ്രചാരണം നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കുമ്പോഴും പ്രാദേശിക തലത്തിൽ മറ്റ് നേതാക്കൾക്കായി ഉയരുന്ന ഇത്തരം അവകാശവാദങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. വരും മണിക്കൂറുകളിൽ ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്താനിരിക്കെ ഐക്യം നിലനിർത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.