കോവിഡ് 19 വാക്സിനുകൾ സുരക്ഷിതം; രാജ്യത്തെ ഹൃദയാഘാത മരണങ്ങളുമായി ബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ
 

 
covid 19

കോവിഡ് 19 വാക്സിനേഷനും രാജ്യത്ത് സംഭവിക്കുന്ന ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തൽ. വിവിധ ദേശീയ ഏജൻസികളുടെ അന്വേഷണത്തിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ്19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കോവിഡ്‌ 19 വാക്സിനുകളുടെ ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമാണ്. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾക്ക് കാരണം ജനിതകശാസ്ത്രം, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയാകമെന്നും പഠനം പറയുന്നു.

18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കിടയിലെ ഹൃദയാഘാത മരണത്തിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഐസിഎംആറും എൻസിഡിസിയും വ്യത്യസ്ത പഠനങ്ങൾ നടത്തിയിരുന്നു.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലായി ഐസിഎംആർ നടത്തിയ പഠനത്തിൽ കോവിഡ് 19 വാക്സിനേഷനും യുവാക്കളിലെ ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തി. 2023 മെയ് മുതൽ ഓഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. പൂർണ ആരോഗ്യവാനായിരിക്കെ 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ മരിച്ചരിലാണ് പഠനം നടത്തിയത്.

അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതകപരമായ കാരണങ്ങളും ജീവിതശൈലി മാറ്റങ്ങളും ഇത്തരം മരണങ്ങൾക്ക് കാരണമെന്നും പഠനങ്ങൾ പറയുന്നു. കോവിഡ് 19 വാക്സിനുകളെപ്പറ്റിയുള്ള ഇത്തരം പ്രചരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും തെളിവുകളുടെ പിന്തുണയില്ലാത്തതുമാണ്. പൊതുജനാരോഗ്യത്തിനായുള്ള സർക്കാർ ശ്രമങ്ങളെ ഇത്തരം പ്രചരണങ്ങൾ ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറയുന്നു.

Tags

Share this story

From Around the Web