മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

 
bjp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി വിജയിക്കാനായാല്‍ സ്വന്തം നിലയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കും. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി ഭരണം ഉറപ്പാക്കിയത്.

വിഴിഞ്ഞത്തെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താനാണ് സിപിഎം ശ്രമം. പ്രാദേശിക നേതാവ് എന്‍ എ നൗഷാദാണ് സിപിഎം സ്ഥാനാര്‍ത്ഥി. മുന്‍ ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ എച്ച് സുധീര്‍ഖാനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇടതു- വലതു വിമതന്മാര്‍ ഉള്‍പ്പെടെ 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Tags

Share this story

From Around the Web