'2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്': സർക്കുലറുമായി ഡ്രഗ്‌സ് കൺട്രോളർ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കുലർ പുറത്തിറക്കി ഡ്രഗ്സ് കൺട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്നും സർക്കുലറിൽ പറയുന്നു.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകൾ നിർദേശിക്കരുതെന്നും ഒന്നിലധികം മരുന്ന് ചേരുവുകൾ ചേർന്നിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതിനാൽ അത്തരം പ്രിസ്‌ക്രിപ്ഷനുകൾ വന്നാൽ ഈ മരുന്നുകൾ നൽകേണ്ടതില്ല- സർക്കുലർ നിർദേശിക്കുന്നു.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം ഫോർമുലേഷനുകൾ സാധാരണഗതിയിൽ നിർദേശിക്കാറില്ല. എന്നാൽ അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ ഡോക്ടർ നിർദേശിച്ചിട്ടുള്ള അളവിലും കാലയളവിലും കൃത്യതയോടെ ശ്രദ്ധാപൂർവം ഉപയോഗിക്കാൻ നിർദേശം നൽകണമെന്നും സർക്കുലറിൽ പറയുന്നു.