വേടനെതിരെ ഗൂഢാലോചന നടക്കുന്നു, മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം

വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി.
പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര എസിപിക്ക് കമ്മീഷണർ നിർദേശം നൽകി. തൃക്കാക്കര പൊലീസ് വേടനെതിരെയുള്ള ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ”തുടർച്ചയായ പരാതികൾ വേടനെ നിശ്ശബ്ദനാക്കാനാണ്” എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഒരുരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണെന്ന് സഹോദരൻ ഹരിദാസ് പറഞ്ഞിരുന്നു. കുടുംബം ട്രോമയിലൂടെ കടന്നുപോകുകയാണ്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് പറഞ്ഞിരുന്നു.
“കേസിനു പിന്നാലെ കേസ് വരുമ്പോൾ കുടുംബത്തിന് വലിയ ബുദ്ധിമുട്ടാണ്. അനിയത്തിയും അച്ഛനുമൊക്കെ ഉൾപ്പെടുന്ന ചെറിയ കുടുംബമാണ്. ആദ്യമായാണ് ഇത്തരം അനുഭവങ്ങളെല്ലാം. ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. കുടുംബം ഇല്ലാതാക്കാനാണ് ശ്രമം. ആരാണ് വേട്ടയാടുന്നതെന്ന് അറിയില്ല. വേടന്‍റെ രാഷ്ട്രീയം ആർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അറിയില്ല. കേസുകൾ ബാധിക്കുന്നത് ഞങ്ങളെ മാത്രമല്ല.
കൂടെയുള്ള ഒരുപാട് പേരെക്കൂടിയാണ്. പുതിയ തലമുറ അയ്യങ്കാളിയേയും അംബേദ്കറെയും അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് തുടർച്ചയായി കേസ് കൊടുക്കുന്നത്. ഒരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണ്. മാധ്യമങ്ങളും പൊലീസും ഭരണകൂടവും നീതിപീഠവും കൂടെ നിൽക്കുന്നുണ്ട്. അത് എപ്പോഴും അങ്ങനെ ആകുമെന്നാണ് പ്രതീക്ഷ” -ഹരിദാസ് പറഞ്ഞിരുന്നു.