പി.കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാൻ നീക്കവുമായി കോണ്‍ഗ്രസ്; പി കെ ശശി വന്നാൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും എന്ന് മുതിർന്ന നേതാക്കൾ. യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

സിപിഐഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പി കെ ശശിയെ പാര്‍ട്ടിയിലെത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടേക്കും.
എന്നാല്‍ നഗരസഭയുടെ പരിപാടിക്ക് പി കെ ശശിയെ ക്ഷണിച്ചത് കെടിഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ ആണെന്നാണ് ചെയര്‍പേഴ്‌സണിന്റെ വിശദീകരണം. സിപിഐഎം പ്രതിനിധിയായല്ല പി കെ ശശിയെ ക്ഷണിച്ചത്.
വര്‍ഷങ്ങളായി പാലക്കാട് ജില്ലയിലും മണ്ണാര്‍ക്കാടുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് പി കെ ശശി. പരസ്യമായി ക്ഷണിച്ചിട്ടില്ല. തമാശരൂപേണ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്.
സിപിഐഎം ആളായി തുടരുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞതെന്നും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ പി കെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.
'നാറിയവനെ പേറിയാല്‍ പേറിയവനും നാറും. പി കെ ശശിയെ പോലെ സ്ത്രീപീഡനം ആരോപണം നേരിടുന്നവര്‍ക്ക് കോണ്‍ഗ്രസ് പരവതാനി വിരിക്കരുത്' എന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ വിമര്‍ശിച്ചത്.
മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടന ചടങ്ങില്‍ പി കെ ശശി പങ്കെടുത്തതിന് പിന്നാലെയാണ് ശശി കോണ്‍ഗ്രസിലേയ്‌ക്കെന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്. 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്' എന്നും പി കെ ശശി പറഞ്ഞിരുന്നു.
സിപിഐഎമ്മില്‍ അച്ചടക്ക നടപടി നേരിട്ട പി കെ ശശിയെ ചടങ്ങില്‍ പങ്കെടുത്ത വി കെ ശ്രീകണ്ഠന്‍ പരോക്ഷമായി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.