തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം. ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞു
 

 
1111

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മോദി വാഴ്ത്ത് പാട്ട് തരൂരിന്റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണെന്നു വീക്ഷണത്തിലെ ലേഖനം പറയുന്നു. ''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം'' എന്ന പേരില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം എഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്.

അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ ലേഖനമെഴുതിയതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല.ഈ വിവാദം നില്‍ക്കുന്നതിനിടെ തന്നെ തരൂര്‍ വീണ്ടും മോദി സ്തുതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതു രണ്ടും അടിസ്ഥാനമാക്കിയാണ് വീക്ഷണത്തിലെ ലേഖനം.  

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കേന്ദ്ര പ്രതിനിധി സംഘത്തലവന്‍ ആയി അമേരിക്കയില്‍ എത്തിയ തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡണ്ടിനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇതുതന്നെ നയതന്ത്രം പൊളിഞ്ഞു വീണതിന്റെ ഉദാഹരണം ആണ്. ഇവരുടെ സന്ദര്‍ശനശേഷം യുഎസ് പ്രസിഡന്റ് ട്രംപ് തന്നെ നേരിട്ട് പാക്ക് സൈനിക മേധാവിയെ വരവേറ്റതും ലേഖനം ചൂണ്ടിക്കാട്ടുന്നു.

'ഇന്ത്യ-പാക് സംഘര്‍ഷം താനാണ് തീര്‍ത്തെന്ന് അവകാശവാദം പതിനാലു തവണ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞു. തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ സാധിച്ചുള്ളു എന്നതും അപമാനകരമായി.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മധ്യപൂര്‍വ പ്രദേശത്തെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവര്‍ പാക് സൈനിക മേധാവിക്ക് മുന്നില്‍ അണിനിരന്നു. കാനഡയില്‍ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി വെട്ടിച്ചുരുക്കിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ കുതിച്ചെത്തിയത്,' എന്നും ജോണ്‍സണ്‍ എബ്രഹാം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Tags

Share this story

From Around the Web