യൂത്ത് കോൺഗ്രസിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ, എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു; 25 ചെറുപ്പക്കാരെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല

യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല.
എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്നും പി.ജെ. കുര്യൻ പറഞ്ഞു. എതിർ പ്രചരണങ്ങൾക്കിടയിലും സിപിഐഎം സംഘടന സംവിധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെ വേദിയിൽ ഇരുത്തി ആയിരുന്നു പി.ജെ. കുര്യൻ്റെ വിമർശനം.
കഴിഞ്ഞ തവണ താൻ പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർഥി നിർണയം നടത്തിയത്.
അടൂർ പ്രകാശ് ഉൾപ്പടെ അന്നത്തെ കെപിസിസി നേതൃത്വം തൻ്റെ നിർദേശം അംഗീകരിച്ചില്ല. അതുകൊണ്ട് അഞ്ച് സീറ്റ് നഷ്ടമായി. ഇത്തവണ സ്ഥാനാർഥിയെ അടിച്ചേൽപിച്ചാൽ അപകടം ഉണ്ടാകും, പി.ജെ. കുര്യൻ പറഞ്ഞു.
അതേസമയം, പി.ജെ. കുര്യൻ്റെ വിമർശനങ്ങൾക്ക് അതേവേദിയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടിയും നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തെരുവിലിട്ട് മർദിക്കുന്നത് കാണുന്നില്ലേ എന്നായിരുന്നു രാഹുലിൻ്റെ ചോദ്യം.
ചെറുപ്പക്കാർ ഇല്ല എന്ന് അദ്ദേഹം പറയുമ്പോൾ തന്നെ ആലപ്പുഴ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് മർദനമേൽക്കുന്നുണ്ട്. കുടുംബയോഗങ്ങളിൽ ചെറുപ്പക്കാർ കുറഞ്ഞെന്ന് വരും. പക്ഷേ തെരുവുകളിൽ ആ കുറവ് വരാതെ യൂത്ത് കോൺഗ്രസ് നേതാക്കൾ നോക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. വിമർശനങ്ങളെ ശിരസാവഹിക്കുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.