കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു, വിടവാങ്ങിയത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ കരുത്തുറ്റ സാന്നിധ്യം
Apr 8, 2026, 08:57 IST
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ഇന്ന് പുലർച്ചെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്തരിച്ചത്.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിവിധ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി മന്ത്രിസഭയിലും ഇവർ അംഗമായിരുന്നു. ദീർഘകാലം എം.പി ആയും എം.എൽ.എ ആയും പ്രവർത്തിച്ച ഇവർ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതലയും ഇവർ വഹിച്ചിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ സംഘടനാരംഗത്തും ഭരണരംഗത്തും ഒരുപോലെ ശോഭിച്ച നേതാവായിരുന്നു മൊഹ്‌സിന കിദ്വായി. അവരുടെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.