പീഡന പരാതി, കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ തു‌രുന്നു, തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

 
prasobha

പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സൻ ഒളിവിൽ. പ്രതി കേരളം വിട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കണ്ടെത്താനായി കോയമ്പത്തൂർ, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് 22-കാരിയായ യുവതിയുടെ പരാതി. ഗർഭം അലസിപ്പിക്കാൻ പ്രതി നിർബന്ധപൂർവ്വം ഗുളിക നൽകിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നു. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംപി, വി.കെ. ശ്രീകണ്ഠൻ എംപി എന്നിവരുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായി പാലക്കാട് ടൗൺ സൗത്ത് പോലീസിന് യുവതി മൊഴി നൽകി. തന്റെ മുന്നിൽ വെച്ച് പ്രതി ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്തതായും യുവതിയുടെ മൊഴിയിലുണ്ട്.

പീഡനവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ യുവതി പോലീസിന് കൈമാറിയതായാണ് സൂചന. വിഷയം രാഷ്ട്രീയ വിവാദമായതോടെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, അറസ്റ്റ് ഭയന്ന് പ്രതി മുൻകൂർ ജാമ്യത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags

Share this story

From Around the Web