പശ്ചിമേഷ്യന്‍ സംഘര്‍ഷം; 52,137 ഇന്ത്യക്കാര്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്. പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യന്‍ സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേഖലയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ബാക്കിയുള്ളവര്‍ വിദേശ എയര്‍ലൈനുകളിലെ പ്രത്യേക വിമാന സര്‍വിസുകളിലുമാണ് ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ വ്യോമ പാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരും അതാത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇപ്പോഴുള്ള വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം എന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നു. സഹായങ്ങള്‍ക്കായി എംബസികളിലെ ഹൈല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടാമെന്നും നിര്‍ദേശമുണ്ട്.