കോംഗോയിൽ വീണ്ടും സംഘർഷം; ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ

 
LEO PAPA 123

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിൽ ലെയോ പതിനാലാമൻ മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു. അക്രമം ഉടനടി അവസാനിപ്പിക്കണമെന്നും നിലവിലുള്ള സമാധാന ശ്രമങ്ങൾക്കൊപ്പം സംഭാഷണത്തിലേക്ക് മടങ്ങണമെന്നും പാപ്പ ആവശ്യപ്പെട്ടു. ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർഥാടകരോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഭാഗത്ത് പോരാട്ടം വീണ്ടും ആരംഭിച്ചിരിക്കുന്നത് ആശങ്ക ഉയർത്തുന്നു. ജനങ്ങളോടുള്ള എന്റെ അടുപ്പം പ്രകടിപ്പിക്കുന്നതിനിടയിൽ, സംഘർഷത്തിലുള്ള കക്ഷികൾ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കാനും നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രക്രിയയെ മാനിച്ച് ക്രിയാത്മകമായ സംഭാഷണം തേടാനും ഞാൻ അഭ്യർഥിക്കുന്നു.” പാപ്പ പറഞ്ഞു.

കോംഗോയിലുള്ളവരും റുവാണ്ടൻ നേതാക്കളും തമ്മിൽ സമാധാന കരാർ ഉണ്ടായിരുന്നിട്ടും, ധാതു സമ്പന്നമായ കിഴക്കൻ മേഖലയിലെ M23 വിമത ഗ്രൂപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ രൂക്ഷമായതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് പാപ്പയുടെ അഭ്യർഥന.

Tags

Share this story

From Around the Web