പോപ്പ് മൊബൈൽ ഡ്രൈവറാകാനും നിബന്ധനകൾ; പാലിക്കേണ്ട പ്രോട്ടോക്കോൾ എന്തൊക്കെ?

 
22222

ട്രാക്കിലെ വേഗതയുടെ രാജാവ് ഫെർണാണ്ടോ അലോൺസോ പോപ്പ് മൊബൈലിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു നിർദ്ദേശം വത്തിക്കാന്റെ മുൻപിലെത്തിയിരുന്നു. എന്നാൽ ഫോർമുല വൺ ലോക ചാമ്പ്യന്റെ വേഗതയല്ല മറിച്ച് അതീവ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്ന് വ്യക്തമാക്കി വത്തിക്കാൻ അധികൃതർ ഈ നീക്കം തള്ളിക്കളയുകയായിരുന്നു.

​2011 – ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്പെയിൻ സന്ദർശിച്ച വേളയിലാണ് സ്പെയിൻകാരനായ അലോൺസോയെ ഡ്രൈവറാക്കാൻ സംഘാടകർ താൽപ്പര്യപ്പെട്ടത്. രണ്ടുതവണ ലോക ചാമ്പ്യനായ അലോൺസോയുടെ കൈകളിൽ മാർപാപ്പ സുരക്ഷിതനായിരിക്കുമെന്ന് അവർ വാദിച്ചെങ്കിലും വത്തിക്കാൻ പ്രോട്ടോക്കോൾ അനുവദിച്ചില്ല.

​പോപ്പ് മൊബൈൽ ഡ്രൈവർമാരെ സംബന്ധിച്ചുള്ള വത്തിക്കാൻ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും കർശനമായ ചില നിബന്ധനകൾ നിലവിലുണ്ട്. ​പോപ്പ് മൊബൈൽ ഓടിക്കുന്നത് എല്ലായ്‌പ്പോഴും ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം. വത്തിക്കാൻ ജെൻഡർമേരിയുടെ ഭാഗമായോ അവരുടെ മേൽനോട്ടത്തിലോ ആയിരിക്കണം ഇത്.

​മാർപാപ്പ സന്ദർശനം നടത്തുന്ന രാജ്യത്തെ പൊലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് സാധാരണയായി ഡ്രൈവർമാരായി തിരഞ്ഞെടുക്കുന്നത്. ​ലക്ഷക്കണക്കിന് ആളുകൾ തിങ്ങിക്കൂടുന്ന ഇടങ്ങളിലൂടെ വളരെ സാവധാനം വാഹനം നീക്കേണ്ടി വരുന്നതിനാൽ പ്രത്യേക പരിശീലനം സിദ്ധിച്ചവർക്ക് മാത്രമേ ഈ ചുമതല നൽകൂ.

അടിയന്തര സാഹചര്യങ്ങളിൽ സംയമനത്തോടെ തീരുമാനമെടുക്കാനുള്ള കഴിവും ഇവർക്ക് നിർബന്ധമാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ജോലിയായതിനാൽ ഈ ഡ്രൈവർമാർ മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനോ വാർത്തകളിൽ ഇടംപിടിക്കാനോ പാടില്ല.

​ട്രാക്കിലെ വേഗതയേക്കാൾ അതീവ ജാഗ്രതയും സുരക്ഷാ പ്രോട്ടോക്കോളുകളുമാണ് പോപ്പ് മൊബൈലിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാനുള്ള യോഗ്യത. അതുകൊണ്ട് തന്നെ ലോക ചാമ്പ്യൻമാർക്ക് പോലും മാർപാപ്പയുടെ ഡ്രൈവറാകാൻ അനുമതി ലഭിക്കില്ല.

Tags

Share this story

From Around the Web