ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; ഷിബു ബേബി ജോണിന് എതിരെ കേസ്; ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു

 
shibu baby john

ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് എതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്‌സിന്റെ പരാതിയിലാണ് നടപടി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങിയത് ബില്‍ഡറാണെന്നാണ് പൊലീസ് പറയുന്നത്. പരാതി നിലനില്‍ക്കില്ലന്നും വിലയിരുത്തലുണ്ട്.

പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഭൂമി ചാക്ക ഭാഗത്ത് ഉണ്ടായിരുന്നു. അവിടെ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഷിബു ബേബി ജോണിന്റെ കുടുംബവും ആന്‍ഡ കണ്‍സ്ട്രക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയും തമ്മില്‍ 2020ല്‍ ഈ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്ന ഒരു ധാരണ ഉണ്ടായിരുന്നു.

ഇതുപ്രകാരം 2020ല്‍ പരാതിക്കാരനായ അലക്‌സ് ഫ്‌ളാറ്റ് നിര്‍മാണ കമ്പനിക്ക് പണം കൈമാറി എന്നാണ് അവകാശപ്പെടുന്നത്. ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. 15 ലക്ഷം രൂപയാണ് ആന്‍ഡ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പരാതിക്കാരന്‍ നല്‍കിയത്.

Tags

Share this story

From Around the Web