മദ്യത്തിൻ്റെ പുതിയ ബ്രാൻഡിന് പേരിടിൽ മത്സരം പിൻവലിക്കണം- കെ.സി.സി.വെള്ളികുളം യൂണിറ്റ്
വെള്ളികുളം:വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന പുതിയ മദ്യത്തിന്റെ ബ്രാൻഡിന് പേര് നിർദ്ദേശിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള ബിവറേജ് കോർപ്പറേഷൻ്റ തീരുമാനം പിൻവലിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ. സി. സി. ഉൾപ്പടെയുള്ള ഭക്തസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
പേര് നിർദ്ദേശിച്ചു വിജയിക്കുന്ന വ്യക്തിക്ക് 10000 രൂപ നൽകുവാനുള്ള തീരുമാനം ചട്ടലംഘനമാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ മദ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നത് മദ്യവിരുദ്ധ ചട്ടം 55 H-ൽ പറഞ്ഞിരിക്കുന്നതിന്റെ നഗ്നമായ ലംഘനമാണ്.
മദ്യ നയം പുന:പരിശോധിക്കുമെന്നും മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുമെന്നും വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിലേറിയ സർക്കാർ എല്ലാ മുക്കിലും മൂലയിലും ബാറുകൾ സ്ഥാപിച്ചുകൊണ്ട് മദ്യത്തിന് വ്യാപകമായ പ്രചാരണമാണ് നൽകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പുതിയതായി നിർമ്മിക്കുന്ന മദ്യത്തിന് ലോഗോയും പേരും നിർദ്ദേശിക്കുവാനുള്ള മത്സരം പിൻവലിക്കാൻ എക്സൈസ് വകുപ്പ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.യുവാക്കളെ മദ്യസംസ്കാരത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി നടത്തുന്ന ഇത്തരം വികലമായ നയം പുന:പരിശോധിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ഫാ.സ്കറിയ വേകത്താനം ആവശ്യപ്പെട്ടു.
ബിൻസ് മുളങ്ങാശ്ശേരിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ടോമി കൊച്ചുപുരയ്ക്കൽ, ജെയ്സൺ വാഴയിൽ,സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി., ലൗലി റോയി ചെങ്ങനാരിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.സണ്ണി കൊച്ചുപുരക്കൽ,ആൻ്റണി ഇരുവേലിക്കുന്നേൽ,
ജെസ്സി ഷാജി ഇഞ്ചയിൽ,ജിൻസി റോയി ചെമ്മരപ്പള്ളിൽ,ഷാജി മൈലക്കൽ, ആൻസി ജസ്റ്റിൻ വാഴയിൽ, സിസ്റ്റർ ആഗ്നറ്റ് മുണ്ടക്കൽ സി.എം.സി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.