കൊളംബിയയെ മെയ് 13നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും

 
222
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയെ ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13-ന് ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും. രാജ്യത്ത് സമാധാനവും അനുരഞ്ജനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നാലാമത് 'ദേശീയ ജപമാല യജ്ഞത്തിന്റെ' ഭാഗമായാണ് ചരിത്രപരമായ ചടങ്ങ് നടക്കുന്നത്. പതിനായിരകണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ പങ്കെടുക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കാകും.

"ഹൃദയ പരിവർത്തനത്തിലൂടെ കൊളംബിയയിൽ സമാധാനവും അനുരഞ്ജനവും കെട്ടിപ്പടുക്കാം" എന്നതാണ് ഈ വർഷത്തെ ജപമാല യജ്ഞത്തിന്റെ പ്രമേയം. കൊളംബിയൻ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണയോടെ വിവിധ അൽമായ സംഘടനകള്‍ അന്നേ ദിവസം പ്രാർത്ഥനാസംഗമം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11 മണിക്ക് ബൊഗോട്ടയിലെ കത്തീഡ്രലിൽവെച്ച് ജപമാല സമർപ്പണവും വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് കൊളംബിയൻ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ജാവിയർ മുനേര കൊറിയ രാജ്യത്തെ ദൈവ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും.

വൈകുന്നേരം 5 മണിക്ക് ബൊഗോട്ടയിലെ പ്ലാസ ഡി ബൊളിവറിൽ ദിവ്യകാരുണ്യ ആരാധനയും മെഴുകുതിരി കത്തിച്ചുള്ള ജപമാല പ്രദിക്ഷണവും നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ കൊളംബിയൻ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരണമെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ - സാമൂഹിക അസ്വസ്ഥതകളും പ്രതിസന്ധികളും പരിഹരിക്കപ്പെട്ട് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടുക എന്നതാണ് മരിയന്‍ സമർപ്പണത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web