സിനിമ വെറും വിനോദമല്ല, വിശ്വാസത്തിലേക്കുള്ള തീർത്ഥാടനം; മെക്സിക്കോയിൽ ആത്മീയ ചലച്ചിത്രമേള ഒരുങ്ങുന്നു
മെക്സിക്കോ സിറ്റി: സിനിമ വെറും വിനോദമല്ല മറിച്ച് വിശ്വാസത്തിലേക്കുള്ള തീർത്ഥാടനം കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മെക്സിക്കോയിൽ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേള ഒരുങ്ങുന്നു. ആത്മീയതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുന്ന ഈ മേള ഏപ്രിൽ 30 മുതൽ മെയ് 20 വരെയാണ് നടക്കുക. പാസ്റ്ററൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിലാണ് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ഈ ദൃശ്യവിരുന്ന് അരങ്ങേറുന്നത്.
ദൈവത്തിനായുള്ള അന്വേഷണം, ക്ഷമ, സ്നേഹം, ത്യാഗം എന്നീ വികാരങ്ങൾ പ്രതിഫലിക്കുന്ന അന്താരാഷ്ട്ര ചിത്രങ്ങളാണ് ഈ മേളയുടെ പ്രധാന ആകർഷണം. വിശ്വാസത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ചവരുടെ പോരാട്ടവീര്യം പകർത്തുന്ന ഫീച്ചർ ഫിലിമുകളും ഡോക്യുമെന്ററികളും, വിശുദ്ധരുടെ ജീവിതകഥകൾ, ബൈബിൾ ദൃശ്യാവിഷ്കാരങ്ങൾ എന്നിവയ്ക്കൊപ്പം ആധുനിക ലോകത്ത് ഒരു വിശ്വാസി നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളെ ആത്മീയ വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന സിനിമകളും ഇവിടെ പ്രദർശിപ്പിക്കുന്നു."
പ്രദർശനങ്ങൾക്കൊപ്പം തന്നെ ചലച്ചിത്ര നിർമ്മാണത്തിലെ ആത്മീയതയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകളും മേളയുടെ ഭാഗമായി നടക്കും. പ്രശസ്ത സംവിധായകരും നിർമ്മാതാക്കളും പങ്കെടുക്കുന്ന വർക്ക്‌ഷോപ്പുകളും പാനൽ ചർച്ചകളും പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.
സിനിമയെ സുവിശേഷവൽക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. വിനോദത്തിനപ്പുറം മനുഷ്യരിലെ നന്മയെ ഉണർത്തുന്ന അർത്ഥവത്തായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ചലച്ചിത്ര പ്രവർത്തകരെ ഈ മേള പ്രേരിപ്പിക്കുമെന്ന് കരുതപ്പെടുന്നു. മെക്സിക്കോയിലെ വിവിധ നഗരങ്ങളിലെ പ്രധാന സ്ക്രീനുകളിൽ മൂന്നാഴ്ചയോളം ഈ സിനിമാ വസന്തം തുടരും.