ഗോപികയ്ക്ക് ക്രിസ്തുമസ് സമ്മാനം: സ്വപ്നഭവന നിർമ്മാണത്തിനുള്ള ഭൂമി ആധാരം ചെയ്തു നൽകി

 
3444

കൊച്ചി: ജനസേവ ശിശുഭവൻ 2023 ൽ ഗോപികയ്ക്ക് നൽകിയ വാഗ്ദാനം പ്രാവർത്തികമാക്കി. നെടുമ്പാശേരി വില്ലേജിൽപെട്ട ജനസേവ ശിശുഭവന്റെ ഭൂമിയിൽ നിന്ന് ഭവന നിർമ്മാണത്തിനായി മൂന്നു സെൻറ് സ്ഥലമാണ് പ്രസിഡന്റ്  അഡ്വ. ചാർളി പോൾ ആധാരംചെയ്തു നൽകിയത്. 2016 ൽ ആരംഭിച്ച നിർധന ഭവനരഹിതർക്കായുള്ള ജനസേവ കാരുണ്യഭവൻ പദ്ധതിപ്രകാരമാണ് ഭൂമി നൽകിയത്. ഇരുപതോളം കുടുംബങ്ങൾക്ക് ജനസേവ ഇത്തരത്തിൽ ഭൂമി നൽകിയിട്ടുണ്ട്.

2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണ്ണം നേടിയ ഗോപികയുടെ, ദിനപ്പത്രങ്ങളിലെ വാർത്ത കണ്ട ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയാണ് ഗോപികയ്ക്ക് ഭവന നിർമ്മാണത്തിന് സ്ഥലം സൗജന്യമായി നൽകാമെന്ന് വാക്കുകൊടുത്തത്. അന്ന് ഗോപികയ്ക്ക് 16 വയസ്സ്. രണ്ടുവർഷം കാത്തിരുന്ന മൂന്ന് സഹോദരങ്ങളടങ്ങിയ ഗോപികയുടെ കുടുംബത്തിന് ഇരട്ടിമധുരമായി ലഭിച്ച ക്രിസ്തുമസ് സമ്മാനമാണിത്.

2022ൽ അമ്മ മരിച്ച ഗോപിക, കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിൽ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഗോപിക ഇപ്പോൾ കോതമംഗലം എംഎ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. കോളേജിലെ സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്ന ഗോപിക, പി ടി ഉഷ എന്ന സ്വപ്നതാരത്തെപ്പോലെ ആകാനുള്ള കഠിനപരിശ്രമത്തിലാണ്.

Tags

Share this story

From Around the Web