ക്രിസ്മസ്, ആഘോഷങ്ങളുടെ തിരക്കില്‍ മുങ്ങിപ്പോകരുത്; ഇത് യേശുവിനെ സ്വന്തമാക്കേണ്ട സമയം: ലിയോ 14 -ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ ആഘോഷങ്ങളില്‍ ക്രിസ്മസ് മുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്രിസ്തുവിനെ എന്നന്നേക്കുമായി ജീവിതത്തിന്റെയും ഹൃദയത്തിന്റെയും സ്വന്തമാക്കാന്‍ ഹൃദയങ്ങളെ ഉണര്‍വോടെയും ശ്രദ്ധയോടെയും ഒരുക്കേണ്ട സമയമാണെന്നും ലിയോ 14 -ാമന്‍ പാപ്പ.
ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തിരുപ്പിറവി രംഗത്തിന്റെ ക്രിസ്മസ് ട്രീയുടെയും പശ്ചാത്തലത്തില്‍ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങിയ വത്തിക്കാന്‍ ചത്വരത്തിലെത്തിയ വിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമായ ഒരു ക്രിസ്മസ് പാപ്പ ആശംസിച്ചു.
ക്രിസ്മസിന്റെ വികാരങ്ങളുണര്‍ത്തുന്ന പുല്‍ക്കൂടുകള്‍ വിശ്വാസത്തിന്റെ മാത്രമല്ല ക്രൈസ്തവ സംസ്‌കാരത്തിന്റെയും കലയുടെയും കൂടെ പ്രതീകമാണെന്നും നമ്മോടൊപ്പം വസിക്കുന്നതിനായി വന്ന യേശുവിനെ അനുസ്മരിക്കുന്നതിന്റെ അടയാളമായി പുല്‍ക്കൂടുകള്‍ ഒരുക്കുന്ന പാരമ്പര്യം തുടരുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ആഗമനകാലത്തിലെ അവസാന ദിനങ്ങള്‍ ധ്യാനങ്ങളില്‍ പങ്കുചേര്‍ന്നും കുമ്പസാരമെന്ന കൂദാശ സ്വീകരിച്ചും പ്രാര്‍ത്ഥനയുടെയും വിചിന്തനത്തിന്റെയും ദിനങ്ങളായി മാറ്റുവാനും പാപ്പ ആഹ്വാനം ചെയ്തു.
ഇംഗ്ലീഷ്, ഫ്രഞ്ച് , പോളിഷ്, ഇറ്റാലിയന്‍ ഭാഷകള്‍ സംസാരിക്കുന്നവരെ അവരവരുടെ ഭാഷകളില്‍ അഭിസംബോധന ചെയ്ത് ക്രിസ്മസ് ആശംസകള്‍ കൈമാറിയ പാപ്പ യഥാര്‍ത്ഥ സമാധാനവും ആനന്ദവും അനുഭവിക്കുവാന്‍ ദൈവത്തിനും അയല്‍ക്കാരനും തങ്ങളുടെ ഹൃദയങ്ങളെ തുറക്കുവാനും വിശ്വാസികളെ ആഹ്വാനം ചെയ്തു.