അഞ്ചു വർഷങ്ങൾക്ക് ശേഷം ‘നോത്രെ ഡാമിൽ ക്രിസ്തുമസ്’
പ്രത്യാശയും നിശബ്ദ സൗന്ദര്യവും നിറഞ്ഞ ഒരു തിരുപ്പിറവി രംഗത്തോടെയാണ് പാരിസിലെ നോത്രെ ഡാം കത്തീഡ്രൽ ക്രിസ്തുമസിനെ തിരികെ സ്വാഗതം ചെയ്യുന്നത്. 2019 ലെ തീപിടുത്തത്തിനുശേഷം ആദ്യമായി, കത്തീഡ്രലിൽ ഒരു തിരുപ്പിറവി രംഗം തിരിച്ചെത്തി.
ഇത് വലിയ നഷ്ടത്തിനുശേഷവും സൗന്ദര്യവും വിശ്വാസവും നിലനിൽക്കുന്നുണ്ടെന്ന് നമ്മെയെല്ലാം ഓർമ്മിപ്പിക്കുന്നു. ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ചയ്ക്ക് തൊട്ടുമുമ്പ് അനാച്ഛാദനം ചെയ്ത പ്രോവെൻസൽ ശൈലിയിലുള്ള തിരുപ്പിറവി രംഗം നോത്രെ ഡാമിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. തിരുക്കുടുംബത്തിനു ചുറ്റും കൈകൊണ്ട് നിർമ്മിച്ച 50-ലധികം രൂപങ്ങളുമുണ്ട്.
ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള ആർലെസിൽ നിർമ്മിച്ചതും വിശദാംശങ്ങളാൽ സമ്പന്നവുമായ ഈ പരമ്പരാഗത രൂപങ്ങൾ, കരകൗശല വൈദഗ്ധ്യത്തോടും ക്രിസ്തുമസിനോടുമുള്ള ആഴത്തിലുള്ള ഭക്തിയെ പ്രതിഫലിപ്പിക്കുന്നു. അവയുടെ സാന്നിധ്യം ഏതാണ്ട് ഒരു നിശബ്ദ ഘോഷയാത്ര പോലെയാണ് അനുഭവപ്പെടുന്നത്. ഗ്രാമീണരും, ഇടയന്മാരും, സംഗീതജ്ഞരും വീണ്ടും സന്തോഷത്തിലും ഭക്തിയിലും ഒത്തുകൂടുന്ന രംഗമാണിത്.
ഈ പ്രദർശനം ഒരു അലങ്കാരം മാത്രമല്ല. പുനഃസ്ഥാപനത്തിൽ നിന്ന് പുനരുത്ഥാനത്തിലേക്കുള്ള ഒരു വഴിത്തിരിവാണ് ഇത് അടയാളപ്പെടുത്തുന്നത്. വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം, കത്തീഡ്രലിന്റെ മിടിക്കുന്ന ഹൃദയത്തിന്റെ മൃദുവായ എന്നാൽ ശക്തമായ അടയാളമാണ് ഇത്.
2026 ഫെബ്രുവരി 2 വരെ (യേശുവിന്റെ ദൈവാലയ സമർപ്പണ തിരുനാൾ) പ്രദർശിപ്പിക്കുന്ന ഈ രംഗം, സന്ദർശകർക്ക് ചിന്തിക്കാനും പ്രാർഥിക്കാനും പുതുമയുള്ള കണ്ണുകളോടെ ക്രിസ്തുമസിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കാനും ഒരു ഇടം നൽകുന്നു.