ക്രൈസ്തവർക്ക് ശത്രുക്കളില്ല, സഹോദരീസഹോദരന്മാർ മാത്രമേയുള്ളൂ: ലെയോ പതിനാലാമൻ പാപ്പ
Updated: Dec 27, 2025, 11:24 IST
മറ്റുള്ളവരെ ശത്രുക്കളായി കണക്കാക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. “ക്രിസ്തുമസിന്റെ രഹസ്യം വിശ്വാസികളെ ക്ഷണിക്കുന്നത് ഓരോ വ്യക്തിയുടെയും ദൈവം നൽകിയ അന്തസ്സ്, അവരുടെ എതിരാളികളിൽ പോലും തിരിച്ചറിയാനാണ്. ക്രൈസ്തവർക്ക് ശത്രുക്കളില്ല, സഹോദരീസഹോദരന്മാർ മാത്രമേയുള്ളൂ. ” സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ പാപ്പ പറഞ്ഞു.
“സമാധാനത്തിൽ വിശ്വസിക്കുകയും യേശുവിന്റെയും രക്തസാക്ഷികളുടെയും നിരായുധമായ പാത തിരഞ്ഞെടുക്കുകയും ചെയ്തവർ പലപ്പോഴും പരിഹസിക്കപ്പെടുകയും പൊതുചർച്ചയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചിലപ്പോൾ എതിരാളികളെയും ശത്രുക്കളെയും അനുകൂലിക്കുന്നതായി ആരോപിക്കപ്പെടുകയും ചെയ്യാം. എങ്കിലും സാഹോദര്യത്തിൽ ജീവിക്കുന്നവർക്ക് ക്രിസ്തീയ സന്തോഷം നിലനിർത്തപ്പെടുന്നു,” പാപ്പ വെളിപ്പെടുത്തി.