'ക്രൂരമായ പീഡനമാണ് ക്രൈസ്തവര്‍ നേരിട്ടത്, കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ' : ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. തീര്‍ത്തും കെട്ടിച്ചമച്ച കേസാണിത്. ഛത്തിസ്ഗഡിലേത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ്. ക്രൂരമായ പീഡനമാണ് ക്രൈസ്തവര്‍ നേരിട്ടതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഛത്തീസ്ഗഡ് എന്നും ഇൗ കേസിലൂടെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ആഭ്യന്തര മന്ത്രിയെ വ്യാഴാഴ്ച കണ്ടപ്പോള്‍ എപ്പോള്‍ കന്യാസ്ത്രീകളെ റിലീസ് ചെയ്യുമെന്നാണ്. നാളെക്കുള്ളില്‍ എന്നൊരു വാക്കാണ് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്ചക്കുള്ളില്‍ രണ്ട് കന്യാസ്ത്രീകള്‍ പുറത്ത് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അത് നടക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ഞങ്ങള്‍ക്കും.
പക്ഷെ അപ്പോഴും ഞങ്ങളുടെ മനസില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഈ കേസുമായി മുന്നോട്ട് പോകണമെന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. കന്യാസ്ത്രീകളുടെ ഈ കേസ് ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമുണ്ട്.
കോടതിയുടെ റെക്കോഡില്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുള്ള സ്ഥലമാണ് ഛത്തീസ്ഗഡ്. കന്യാസ്ത്രീകള്‍ക്ക് എതിരായി എന്തെങ്കിലും ഒരു കാരണമോ കുറ്റമോ പറയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂ എന്ന് മാത്രമാണ് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുള്ളത്. ഒന്നും കണ്ടെത്താനാകാത്ത കേസിലാണ് മൂന്ന് പേരെ ഇവര്‍ അറസ്റ്റുചെയ്തത്. ഇന്ന് പതിനൊന്ന് മണിക്ക് എന്‍ ഐ എ കോടതിയില്‍ നിന്ന് അനുകൂലമായ വിധി വരുമെന്നാണ് ഞങ്ങള്‍ കഴിയുന്നത്,' ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.