പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ കേസില്‍ അകപ്പെട്ട ക്രൈസ്തവര്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി

ലാഹോര്‍: പാക്കിസ്ഥാനിൽ മതനിന്ദ നിയമം ദുരുപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നീതിയ്ക്കു വേണ്ടി പോരാട്ടവുമായി വ്യാജ മതനിന്ദ കേസില്‍ അകപ്പെട്ട ക്രൈസ്തവര്‍. രാജ്യത്തു അന്യായമായി ദൈവദൂഷണക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിൽ കാലവിളംബം വരുത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചു.
12 വർഷമായി വ്യാജ മതനിന്ദ കേസില്‍ കുറ്റാരോപിതനായി 2020-ൽ വധശിക്ഷ വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നാല്‍പ്പത്തിരണ്ടുകാരനായ ആസിഫ് പെർവായിസ് എന്ന ക്രൈസ്തവന്റെ കുടുംബമാണ് ദയനീയ അവസ്ഥ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജൻസിയായ 'ഏജന്‍സിയ ഫിഡെസി'നോട് പങ്കുവെച്ചത്.
23 വർഷം തടവുശിക്ഷ അനുഭവിച്ച അൻവ്വർ കെന്നെത്ത് എന്ന കത്തോലിക്ക വിശ്വാസിയെ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സുപ്രീം കോടതി വിട്ടയച്ചിരുന്നു. ഈ കേസുകളില്‍ എല്ലാം നീണ്ട വിചാരണ കാലയളവിനെ തുടര്‍ന്നു സ്വതന്ത്രമായി ജീവിക്കേണ്ട ക്രൈസ്തവര്‍ നീതി നിഷേധിക്കപ്പെട്ട് തടവിലാക്കപ്പെടുകയായിരിന്നു.
പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.