നൈജീരിയയിൽ തോക്കുധാരികൾ ക്രൈസ്തവ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി; ഒരു പെൺകുട്ടി കൊല്ലപ്പെട്ടു
നൈജീരിയയിലെ കച്ചിയ ലോക്കൽ ഗവൺമെന്റ് പരിധിയിൽ സ്കൂളിലേക്ക് യാത്ര ചെയ്തിരുന്ന ഒരു കൂട്ടം ക്രൈസ്തവ വിദ്യാർഥിനികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. അക്വാണ്ടോ ഗ്രാമത്തിൽ നിന്നും കച്ചിയ ടൗണിലേക്ക് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ തന്നെ അക്രമികൾ വാഹനം തടയുകയായിരുന്നു.
സ്കൂളുകൾ വീണ്ടും തുറന്നതിനെ തുടർന്ന് പഠനത്തിനായി പോവുകയായിരുന്നു കുട്ടികൾ. അക്രമികളെ കണ്ട് ഡ്രൈവർ വാഹനം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും തോക്കുധാരികൾ വെടിയുതിർത്തു. ഇതോടെ വാഹനം നിർത്താൻ നിർബന്ധിതമായി. അക്രമികൾ വിദ്യാർഥിനികളെയും ഡ്രൈവറെയും കാട്ടുപ്രദേശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്യൂരിറ്റി ബബാംഗിഡ എന്ന വിദ്യാർഥിനി വെടിയേറ്റു കൊല്ലപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 15 വിദ്യാർഥികൾ ചാടി രക്ഷപെടുകയും മണിക്കൂറുകളോളം കാട്ടിലൂടെ നടന്ന് അടുത്തുള്ള ഗ്രാമങ്ങളിൽ അഭയം തേടുകയും ചെയ്തു.
അക്വാണ്ടോ-കച്ചിയ പാതയിൽ ഈ വർഷം ജനുവരി മുതൽ നടക്കുന്ന ഏഴാമത്തെ അക്രമമാണിത്. എന്നാൽ ഈ പാതയിൽ സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ നൂറുകണക്കിന് വിദ്യാർഥികൾ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണങ്ങൾ ഭയന്ന് പല കുടുംബങ്ങളും കുട്ടികളെ സ്കൂളിൽ അയക്കാൻ മടിക്കുകയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
തട്ടിക്കൊണ്ടുപോകപ്പെട്ടവർക്കായി പ്രാദേശിക സന്നദ്ധ പ്രവർത്തകരും സുരക്ഷാ സേനയും തിരച്ചിൽ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ.
Share this: