നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി; ഫുലാനി തീവ്രവാദികള്‍ വധിച്ചത് 32 ക്രൈസ്തവരെ

പ്ലേറ്റോ സംസ്ഥാനത്തെ ജെബു എന്ന ക്രൈസ്തവഗ്രാമത്തില്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പ്ലേറ്റോ സംസ്ഥാനത്തെ റിയോം കൗണ്ടിയിലുള്ള തഹോസ് ജില്ലയിലെ ക്രൈസ്തവ കര്‍ഷക ഗ്രാമമാണ് ആക്രമണത്തിനിരയായ ജെബു. പുലര്‍ച്ചെ 3 മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 3 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്രമികള്‍ പ്രദേശത്തെ ദൈവാലയം നശിപ്പിക്കുകയും ഡസന്‍ കണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആക്രമണം പെട്ടെന്നുള്ളതും ഏകോപിതവുമായിരുന്നുവെന്ന് അതിജീവിച്ചവര്‍ പറഞ്ഞു.
റൈഫിളുകളും വാക്കത്തികളുമായി ആയുധധാരികളായ അക്രമികള്‍ പല ദിശകളില്‍ നിന്നും ഗ്രാമത്തെ വളയുകയായിരുന്നു. ഉറങ്ങിക്കിടന്ന ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമികള്‍ രക്ഷപെടാന്‍ ശ്രമിച്ചവരെ വെടിവയ്ക്കുകയും ഭവനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
കൊല്ലപ്പെട്ടവരില്‍ ഗ്രാമത്തിലെ യുവനേതാവ് വെങ് ഡാച്ചുങ്ങും ഉള്‍പ്പെടുന്നു. അദ്ദേഹം വീടുകള്‍ സംരക്ഷിക്കാന്‍ മറ്റ് യുവാക്കളെ അണിനിരത്താന്‍ ശ്രമിച്ചിരുന്നു. സൈനികര്‍ ആക്രമണ സമയത്ത് തൊട്ടടുത്ത് ഉണ്ടായിരുവെന്നും എന്നാല്‍ ആക്രമണം തടയാന്‍ ശ്രമിച്ചില്ല എന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, പ്ലാറ്റോ സ്റ്റേറ്റ് ഗവര്‍ണര്‍ കാലേബ് മനശ്ശെ മുത്ഫ്വാങ് ജെബു സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും അതിജീവിച്ചവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇത് നിരപരാധികളായ ആളുകള്‍ക്കെതിരായ സംഘടിത അക്രമമാണെന്നും സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നശിപ്പിക്കപ്പെട്ടവ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ആരാധനാലയമായും കമ്മ്യൂണിറ്റി മീറ്റിംഗ് സെന്ററായും പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക ദൈവാലയവും ആക്രമണത്തില്‍ തകര്‍ന്നു. പാസ്റ്ററായ മൂസ ഡി. അലംബയ്ക്കിന്റെ ഭവനവും വാഹനവും നശിപ്പിക്കപ്പെട്ടു.
ഇതെ തുടര്‍ന്ന് പാസ്റ്റര്‍, കുടിയിറക്കപ്പെട്ട ഗ്രാമീണരോടൊപ്പം ദൈവാലയ കോമ്പൗണ്ടിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമുള്ള ഒരു മരത്തിനടിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
സായുധ സംഘങ്ങളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്ന ഒരു പ്രദേശമായി പ്ലേറ്റോ സംസ്ഥാനം മാറിയിരിക്കുകയാണ്. ജനുവരി മുതല്‍ സമാനമായ ആക്രമണങ്ങളില്‍ 150-ലധികം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക നിരീക്ഷകര്‍ പറഞ്ഞു.