ദുബായിൽ സമാധാനത്തിനായുള്ള ദേശീയ എക്യുമെനിക്കൽ പ്രാർഥനാസംഗമം നടത്തി ക്രൈസ്തവനേതാക്കൾ

 
22233

ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സമാധാനത്തിനായുള്ള ദേശീയ എക്യുമെനിക്കൽ പ്രാർഥന സംഘടിപ്പിച്ചു. ഏപ്രിൽ 29 ന് നടന്ന ഈ സംഗമത്തിൽ ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റ് (AVOSA), ഗൾഫ് ചർച്ചസ് ഫെലോഷിപ്പ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം പുലരുന്നതിനായി നേതാക്കൾ ഒരുമിച്ചു പ്രാർഥിച്ചു.

സമാധാനം എന്നത് വെറും മാനുഷികമായ ഒരു നിർമ്മിതിയല്ലെന്നും, മറിച്ച് ദൈവത്തിൽ നിന്നുള്ള ദാനമാണെന്നും ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. നല്ല ബന്ധങ്ങളിലൂടെ സമാധാനത്തെ അന്വേഷിക്കാനും സ്വാഗതം ചെയ്യാനും അത് സമൂഹത്തിൽ വളർത്താനും നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, മേഖലയിലെ സഭകൾക്ക് നൽകുന്ന സംരക്ഷണത്തിന് സിവിൽ അധികാരികളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മൂന്ന് ഘട്ടങ്ങളിലായാണ് പ്രാർഥനാചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ വിവിധ ആരാധനാക്രമ ഭാഷകളിൽ ബൈബിൾ വായനകളും പ്രാർഥനകളും നടന്നു. തുടർന്ന് പ്രതീകാത്മകമായി മെഴുകുതിരികൾ തെളിയിക്കുകയും സമാധാനത്തിന്റെ അടയാളം പരസ്പരം കൈമാറുകയും ചെയ്തു. ആറ് പ്രധാന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന ഈ സംഗമം ഐക്യത്തിന്റെ വലിയൊരു സന്ദേശമാണ് നൽകിയത്.

ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ കൂടാതെ, ആർച്ച്ബിഷപ്പ് മെസ്രോബ് സർക്കിസിയൻ (അർമേനിയൻ സഭ), ആർച്ച്ബിഷപ്പ് അബുനെ ഡിമെട്രോസ് (എത്യോപ്യൻ ഓർത്തഡോക്സ് സഭ), ബിഷപ്പ് ഷോൺ സെംപിൾ (ആംഗ്ലിക്കൻ സഭ), ആർക്കിമാൻഡ്രൈറ്റ് ഫാ. ഇഷാഖ് സഖൂർ (ഗ്രീക്ക് ഓർത്തഡോക്സ് സഭ), ഫാ. മിന ഹന്ന (കോപ്റ്റിക് സഭ) തുടങ്ങിയ പ്രമുഖ ക്രൈസ്തവനേതാക്കളും ഈ പ്രാർഥനാസംഗമത്തിന് നേതൃത്വം നൽകി.

Tags

Share this story

From Around the Web