ന്യൂയോർക്കിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്ത് ‘ചോസൺ’ അഭിനേതാവ് ജോനാഥൻ റൂമിയും

2025 ഒക്ടോബർ 14 -ന് ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ചോസണിൽ ഈശോയുടെ റോൾ ചെയ്യുന്ന ജോനാഥൻ റൂമിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.
നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച പരിപാടി, പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സെന്റ് പാട്രിക്സ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ധ്യാനങ്ങളോടും കുമ്പസാരത്തോടും കൂടി ആരംഭിച്ചു. സെലിബ്രിറ്റികൾ ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് വിരളമായതുകൊണ്ടുതന്നെ റൂമിയുടെ സാന്നിധ്യം പങ്കെടുത്തവരെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തോടൊപ്പം നടൻ ഡേവിഡ് ഹെൻറി, നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ടിം ബുഷ് എന്നിവരും ഉണ്ടായിരുന്നു.
സെന്റ് പാട്രിക്സ് കത്തീഡ്രലിൽ വൈകുന്നേരം 4:00 മണിക്ക് ദിവ്യബലി ആരംഭിച്ചു. ഒക്ടോബർ 14 ചാർളി കിർക്കിന്റെ ദേശീയ അനുസ്മരണ ദിനമായതിനാൽ, വിശുദ്ധ കുർബാനയിലെ മധ്യസ്ഥ പ്രാർഥനകളിൽ ചാർളി കിർക്കിനും കുടുംബത്തിനും വേണ്ടിയുള്ള പ്രാർഥനകളും ഉൾപ്പെട്ടിരുന്നു. ദിവ്യബലിക്ക് ശേഷമാണ് ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്.