കുട്ടികൾക്ക് പള്ളികളിൽ വിലക്ക്: ചൈനയിലെ കത്തോലിക്കാ പീഡനത്തെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച്

 
222

ചൈനയിലെ കത്തോലിക്കാ സമൂഹത്തിനു നേരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾ ശക്തമാകുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (HRW) പുതിയ റിപ്പോർട്ട്. കുട്ടികൾ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതും സഭയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാക്കുന്ന ‘സിനിസൈസേഷൻ’ (Sinicisation) നയവുമാണ് ചൈനീസ് അധികാരികൾ കർശനമായി നടപ്പിലാക്കുന്നത്. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിശ്വാസികളെയും സഭാ അധികൃതരെയും ഭയപ്പെടുത്തി നിശബ്ദരാക്കുന്ന രീതിയാണ് ചൈനയിൽ തുടരുന്നത്. അതേസമയം, 2018 ൽ വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ മെത്രാൻ നിയമന കരാറിനു ശേഷം പീഡനങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘കത്തോലിക്കാ പാട്രിയോട്ടിക് അസോസിയേഷനിൽ’ ചേരാൻ വിസമ്മതിക്കുന്ന ‘അണ്ടർഗ്രൗണ്ട്’ സഭകളെ നിയമപരമായി തകർക്കാൻ ഈ കരാർ ആയുധമാക്കപ്പെടുകയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികൾ പള്ളികളിൽ പ്രവേശിക്കുന്നതും സംഗീതോപകരണങ്ങൾ വായിക്കുന്നതും ചൈനയിൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. ഹെനാൻ പ്രവിശ്യയിലെ ഒരു ആരാധാനാലയം, കുട്ടികളെ സംഗീതം പഠിപ്പിച്ചു എന്ന കാരണത്താൽ അടച്ചുപൂട്ടിയ സംഭവവും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. മാതാപിതാക്കൾ കുട്ടികൾക്ക് മതപരമായ അറിവുകൾ പകർന്നുനൽകുന്നത് തടയാനും അത്തരം മാതാപിതാക്കളെക്കുറിച്ച് അധികൃതരെ അറിയിക്കാൻ സ്കൂളുകൾ വഴി കുട്ടികളെ പ്രേരിപ്പിക്കാനും ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

“ഞങ്ങൾ കള്ളന്മാരെപ്പോലെയാണ് ഇപ്പോൾ പ്രാർഥിക്കുന്നത്” എന്ന് ചൈനയിൽ നിന്ന് രക്ഷപെട്ട ഒരു വിശ്വാസി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ആരാധനാലയങ്ങളുടെ ജനലുകൾ അടച്ചുകെട്ടിയും സായുധ നിരീക്ഷണം ഏർപ്പെടുത്തിയും വിശ്വാസികളെ സർക്കാർ ഭയപ്പെടുത്തുകയാണ്. ജനം ഉപയോഗിക്കുന്ന സമയത്ത് കുർബാന നടത്തുന്നതിനും വിലക്കുണ്ട്. ഭാവിതലമുറയുടെ ക്രൈസ്തവബന്ധം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഷാൻസി പ്രവിശ്യയിലെ ഒരു വിശ്വാസി സാക്ഷ്യപ്പെടുത്തുന്നു.

ചൈനയുമായുള്ള കരാർ പുനപരിശോധിക്കണമെന്നും കത്തോലിക്കാ സമൂഹത്തിനു നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കാൻ ബീജിംഗിനുമേൽ സമ്മർദം ചെലുത്തണമെന്നും ലെയോ പതിനാലാമൻ മാർപാപ്പയോട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകൻ യൽകുൻ ഉലുയോൾ ആവശ്യപ്പെട്ടു. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണ് ചൈനയിൽ നടക്കുന്നതെന്ന് പറഞ്ഞാണ് റിപ്പോർട്ട് ഉപസംഹരിക്കുന്നത്.

Tags

Share this story

From Around the Web