ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ട രക്തക്കറ ജയ്നമ്മയുടേത്; സ്വർണാഭരണങ്ങളും കണ്ടെത്തി

ആലപ്പുഴ: ചേർത്തല ജയ്നമ്മ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ട രക്തക്കറകൾ ജയ്നമ്മയുടെതാണെന്ന് സ്ഥിരീകരിച്ചു. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെബാസ്റ്റ്യൻ പണയം വെക്കുകയും വിൽക്കുകയും ചെയ്ത സ്വർണാഭരണങ്ങളും ജയ്നമ്മയുടേതാണെന്ന് കണ്ടെത്തി.
2024 ഡിസംബർ 23ന് ആണ് ഏറ്റുമാനൂർ സ്വദേശിനി ജയ്‌നമ്മയെ കാണാതായത്. ജയ്നമ്മയെ പരിചയമുണ്ടായിരുന്നെന്ന് പ്രതി സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പ്രാർഥന സംഗമങ്ങളിലൂടെയാണ് പരിചയപ്പെട്ടതെന്നും ആലപ്പുഴ കൃപാസനത്തിലടക്കം ജയ്നമ്മയുമായി പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ തിരോധാനം സംബന്ധിച്ച് ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരം നൽകിയിരുന്നില്ല. പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
അതേസമയം, പ്രതി സെബാസ്റ്റ്യൻ ആഭിചാരക്രിയകൾ നടത്തിയിരുന്നതായുള്ള നിർണായകവിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണ്. അത്തരം വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചെന്നാണ് സൂചന. കുടുംബപ്രശ്നങ്ങളോ മറ്റുകാര്യങ്ങളോ കാരണം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നവരാണ് സെബാസ്റ്റ്യന്റെ ഇരയായിരുന്നതെന്ന് ചില ക്രൈംബ്രാഞ്ച് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിക്കുന്നുണ്ട്.