ബുധനാഴ്ചത്തെ ചെന്നെെ-കോട്ടയം സ്പെഷൽ ട്രെയിൻ റദ്ദാക്കി; യാത്രക്കാരില്ലെന്ന് റെയിൽവേ

 
train

ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്പെഷൽ സർവീസ് റദ്ദാക്കിയതായി റെയിൽവേ. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഒക്ടോബർ 22 ബുധനാഴ്ച നടത്താനിരുന്ന സർവീസാണ് റദ്ദാക്കിയത്.

സ്പെഷൽ ട്രെയിനിന്റെ (06121) ചെന്നൈയിൽ നിന്നും കോട്ടയത്തേക്കും, തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബർ 23-നുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെൻട്രലിൽനിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്.

ഒക്ടോബർ 1, 8, 15, 22 തീയതികളിലായിരുന്നു കോട്ടയത്തേക്ക് സർവീസ് നിശ്ചയിച്ചിരുന്നത്. പുനലൂർ, കൊട്ടാരക്കര, കൊല്ലം, ചെങ്ങന്നൂർ വഴിയായിരുന്നു സർവീസ്. എസി ത്രീ ടിയർ ഇക്കോണമി കോച്ചുകൾ മാത്രമുള്ള വണ്ടിയുടെ ഒക്ടോബർ ഒന്നിന്റെ സർവീസിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള സർവീസുകളിൽ പല ബെർത്തുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Tags

Share this story

From Around the Web