ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ചെങ്കു ഹന്‍സ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

 
eeeee

 1999-ല്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട  ജുവനൈല്‍ കുറ്റവാളിയായിരുന്ന ചെങ്കു ഹന്‍സ്ദ ക്രൈസ്തവ വിശ്വാസംസ്വീകരിച്ചു.

ക്രൈസ്തവ വിശ്വാസം തനിക്ക് ആന്തരിക സമാധാനവും സൗഖ്യവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍വച്ച് പത്രപ്രവര്‍ത്തകനായ ദയാശങ്കര്‍ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന വിവരം പരസ്യമായി പ്രഖ്യാപിച്ചത്.

ശിക്ഷിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ചെങ്കു, ക്രിസ്തുമതത്തിലേക്ക് കടന്നുവരാനുള്ള തന്റെ തീരുമാനം ആരുടെയും സമ്മര്‍ദ്ദത്തിന്റെയോ സ്വാധീനത്തിന്റെയോ ഫലമല്ല, മറിച്ച് വ്യക്തിപരമായ ദുഃഖത്തിന്റെയും ആത്മപരിശോധനയുടെയും ഫലമാണെന്ന് അഭിമുഖത്തില്‍ പറഞ്ഞു.

”ഒരു ക്രിസ്ത്യാനിയാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,” അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, ”ബജ്റംഗ്ദള്‍ ആളുകള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല.”

ഒഡീഷ ആസ്ഥാനമായുള്ള കത്തോലിക്കാ വൈദികനായ ഫാ. അജയ് കുമാര്‍ സിംഗ്, ചെങ്കുവിന്റെ ആത്മീയ പരിവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കി. ചെങ്കുവിന്റെ ജയില്‍വാസകാലത്ത് ഒരു പുരോഹിതനും അദ്ദേഹത്തിന് കൗണ്‍സിലിംഗ് നല്‍കിയിരുന്നില്ലെന്ന് ഫാ. അജയ് പറഞ്ഞു.

ജയില്‍ മോചിതനായ ശേഷം ചെങ്കു വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആദ്യ ഭാര്യയെയും സഹോദരിമാരെയും മറ്റ് കുടുംബാംഗങ്ങളെയും ചെങ്കുവിന് നഷ്ടപ്പെട്ടു. ഇത് അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി,’ ഫാ.അജയ് വെളിപ്പെടുത്തി.

സമാധാനത്തോടെ ജീവിക്കണമെങ്കില്‍ അക്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്ന ശക്തമായ ഒരു ആന്തരിക ശബ്ദം ചെങ്കു കേട്ടു. അങ്ങനെയാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ക്രൈസ്തവ സമൂഹത്തിലേക്ക് ചെങ്കു വീണ്ടുമെത്തുന്നത്. ആ ആന്തരിക ശബ്ദം ഒടുവില്‍ അദ്ദേഹത്തെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു,’ ഫാ. അജയ് വിശദീകരിച്ചു.

ക്രൈസ്തവ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ച സാവൂള്‍ പൗലോസായി മാനസാന്തരപ്പെട്ടതിന് സമാനമായി ചെങ്കുവിനെപ്പോലെ ക്രൈസ്തവരെ പീഡിപ്പിച്ച പലരും ഇന്ന് സത്യം തിരിച്ചറിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നുണ്ടെന്ന് ഫാ. അജയ് പറഞ്ഞു. 2008-ലെ കാണ്ഡമാല്‍ അക്രമത്തിന് ശേഷം ഒഡീഷയില്‍ നിന്നുള്ള നേതാവായ നാഗാര്‍ജുന പ്രധാന്‍ ക്രിസ്തുമതം സ്വീകരിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ചെങ്കു ഹന്‍സ്ദയുടെയും നാഗാര്‍ജുന പ്രധാന്റെയും മാനസാന്തരങ്ങള്‍ മനുഷ്യന്റെ മാറ്റത്തിനുള്ള കഴിവിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മപ്പെടുത്തലായി നിലകൊള്ളുന്നു.

Tags

Share this story

From Around the Web