ചതിക്കുഴിയായി മാറുന്ന ചാറ്റ്‌ബോട്ടുകൾ; കുട്ടികൾ ജാഗ്രത പാലിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ

 
33444

എ ഐ ചാറ്റ്‌ബോട്ടുകൾ കുട്ടികളുടെ ഉറ്റസുഹൃത്തുക്കളോ സർവവിജ്ഞാനകോശങ്ങളോ ആണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകി. കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ‘പൊപ്പോട്ടസ്’ (Popotus) എന്ന വാരികയുടെ 30 -ാം വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മാർപാപ്പ തന്റെ ആശങ്കകൾ പങ്കുവച്ചത്.

“ചാറ്റ്‌ബോട്ടുകളെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി കുട്ടികൾ കാണരുത്. ഇത് അവരുടെ സാമൂഹികമായ ഇടപെടൽ ശേഷിയെയും ബുദ്ധിശക്തിയെയും തളർത്തും” പാപ്പ വ്യക്തമാക്കി. ​​കുട്ടികൾ ലോകത്തിന്റെ സൗന്ദര്യം വീണ്ടും കണ്ടെത്തണം. സ്നേഹത്തിന്റെ സാർവത്രിക ഭാഷയും പുഞ്ചിരിയുടെ ശക്തിയും മാപ്പ് ചോദിക്കാനുള്ള മനസ്സും അവർ ശീലിക്കണം. ഇത് കുട്ടിക്കാലത്ത് തന്നെ ആർജിക്കേണ്ട മൂല്യങ്ങളാണെന്നും പാപ്പ ഓർമിപ്പിച്ചു.

​ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ മാർപാപ്പ തന്റെ തീവ്രമായ ദുഃഖം രേഖപ്പെടുത്തി. യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിൽ പകച്ചുനിൽക്കുന്ന കുട്ടികളുടെ കണ്ണുകളിലേക്ക് നോക്കിയാൽ മാത്രമേ മുതിർന്നവർക്ക് സമാധാനത്തിന്റെ മൂല്യം മനസ്സിലാകൂ എന്ന് പാപ്പ കൂട്ടിച്ചേർത്തു.

​മാതാപിതാക്കളും അധ്യാപകരും കുട്ടികളെ ഡിജിറ്റൽ ലോകത്തെ കെണികളിൽ നിന്ന് സംരക്ഷിക്കണമെന്നും അവരെ നല്ല മൂല്യങ്ങളുള്ള പുതിയ ലോകത്തിന്റെ ശില്പികളായി വളർത്തണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web