സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തലത്തില്‍ ഇന്ന് ഭരണമാറ്റം; ഇരുപതിനായിരത്തോളം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

 
3333

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ഭരണസമിതി യോഗവും ചേര്‍ന്നു. ഈ മാസം 26, 27 തീയതികളിലാണ് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്.

നിലവിലെ ഭരണസമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് അവധി ദിനത്തിലും സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പാളയം പള്ളിയും സന്ദര്‍ശിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കും ശേഷമായിരുന്നു തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അംഗങ്ങള്‍ സത്യ പ്രതിജ്ഞക്ക് എത്തിയത്.

മുതിര്‍ന്നംഗം കോണ്‍ഗ്രസിലെ കെ. ആര്‍ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ശേഷം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് സംഘങ്ങള്‍ സത്യപ്രതി ചെയ്തത്.

തൃശൂര്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന അംഗം എം. എല്‍ റോസിക്ക് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആദ്യം സത്യവാച കം ചൊല്ലിക്കൊടുത്തു. അടാട്ട് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ എംഎല്‍എയും അനില്‍ അക്കരയും ജില്ലയില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ ഉള്‍പ്പെടും.

കൊച്ചി കോര്‍പറേഷനില്‍ ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയാണ് ആദ്യ സത്യവാചകം ചൊല്ലി കൊടുത്തത്.കണ്ണൂര്‍ കോര്‍പറേഷനില്‍ ടി. പി ജമാലും കൊല്ലം ജില്ലാ പഞ്ചായത്തില്‍ സരോജ ദേവിയും കോര്‍പറേഷനില്‍ ഉദയ സുകുമാരനും കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ കെ. പി മുഹമ്മദന്‍സും മലപ്പുറം ജില്ലാ പഞ്ചായത്തില്‍ തിരുനാവായ ഡിവിഷനില്‍ നിന്നുള്ള ശരീഫാബി എന്‍. പിയും ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

കാലാവധി അവസാനിക്കാത്ത മലപ്പുറം ജില്ലയിലെ എട്ടു തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഡിസംബര്‍ 22, 26 ജനുവരി 1, 16 തീയതികളില്‍ നടക്കും.

നഗരസഭകളിലും കോര്‍പറേഷനുകളിലെയും ചെയര്‍പേഴ്‌സണ്‍, മേയര്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷവും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നാണ്.

Tags

Share this story

From Around the Web