എഫ്‍സിആര്‍എ ഭേദഗതിയിൽ നിന്നും കേന്ദ്രം പിൻമാറണം; ആവശ്യം ശക്തമാക്കി സിബിസിഐ
ഡൽഹി: എഫ്‍സിആര്‍എ നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന ആവശ്യം സിബിസിഐ ശക്തമാക്കി. ബിൽ പാർലമെൻ്റിൽ പരിഗണനക്ക് എടുക്കുമ്പോൾ എംപിമാർ സഭയിൽ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എഫ്‍സിആര്‍എ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാനായി മറ്റുന്യൂനപക്ഷ മതസംഘടനകളെ കൂടെ കൂട്ടിയുള്ള പോരാട്ടത്തിനാണ് സിബിസിഐ തയാറെടുക്കുന്നത്. ഇതിനായി കോർഗ്രൂപ്പ് രൂപീകരിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ ആണ് കൺവീനർ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയിരിക്കുന്ന ലോക്‌സഭാ അംഗങ്ങൾ ബില്ലിലെ അപകടം തിരിച്ചറിഞ്ഞ് ഡൽഹിയിൽ എത്തണമെന്നാണ് സിബിസിഐയുടെ ആവശ്യം.
ജനങ്ങൾക്ക് സേവനം നൽകുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപിയേയും കേന്ദ്ര സർക്കാരിനെയും മുഖപ്രസംഗത്തിലൂടെ ദീപിക രൂക്ഷമായി വിമർശിച്ചു. ക്രൈസ്തവരെ ലക്ഷ്യമിട്ട് നിയമങ്ങളും ഭേദഗതികളും കൊണ്ടുവരികയാണ് കേന്ദ്രസർക്കാരെന്നും കുറ്റപ്പെടുത്തുന്നു.