രാജ്യത്ത് സെൻസസിന് ഇന്ന് തുടക്കം, ആദ്യഘട്ടം എട്ട് സംസ്ഥാനങ്ങളിൽ, കേരളത്തിൽ ജൂൺ 16 മുതൽ
ന്യൂഡൽഹി: നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾക്ക് (സെൻസസ് 2027) ഇന്ന് തുടക്കമാകും. ആദ്യഘട്ടത്തിൽ ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആൻഡമാൻ എന്നീ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വിവരശേഖരണം ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഒന്നാം ഘട്ടം നീണ്ടുനിൽക്കുക.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. വിവരങ്ങൾ ഓൺലൈനായി സ്വയം സമർപ്പിക്കാനുള്ള (Self Enumeration) സൗകര്യം ഇന്നുമുതൽ ലഭ്യമാകും. മിക്ക വിവരങ്ങളും 2027-ൽ തന്നെ പ്രസിദ്ധീകരിക്കുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു.
കേരളത്തിൽ ആദ്യഘട്ട സെൻസസ് നടപടികൾ ജൂൺ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യം ലഭ്യമാകും. തുടർന്ന് ജൂലൈ ഒന്ന് മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.
ആദ്യഘട്ടത്തിൽ കെട്ടിടവിവരം, ഗൃഹോപകരണങ്ങൾ, ദമ്പതികളുടെ എണ്ണം, ഗൃഹനാഥന്റെ വിവരങ്ങൾ തുടങ്ങി 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ജാതിവിവരങ്ങൾ കൂടി സെൻസസിന്റെ ഭാഗമാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ, വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവർ (Living together) സ്ഥിരതയുള്ള ബന്ധത്തിലാണെങ്കിൽ അവരെ വിവാഹിതരായി കണക്കാക്കാനും നിർദ്ദേശമുണ്ട്.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് ആണിതെന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ വ്യക്തമാക്കി. വിവരശേഖരണം വേഗത്തിലാകുന്നതോടെ മിക്ക കണക്കുകളും 2027-ൽ തന്നെ പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 30-ഓടെ ഒന്നാം ഘട്ട നടപടികൾ പൂർത്തിയാക്കി 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിലേക്ക് രാജ്യം കടക്കും. ഇതിനോടൊപ്പമായിരിക്കും ജാതി സെൻസസും നടപ്പിലാക്കുക.