യാക്കോബായ സഭയുടെ മേലധ്യക്ഷൻ കാതോലിക്കോസ് മോർ ബസേലിയോസ് ജോസഫ്, സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

 
2

യാക്കോബായ സഭയുടെ മേലധ്യക്ഷൻ കാതോലിക്കോസ് മോർ ബസേലിയോസ് ജോസഫ്, സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു മോർ ബസേലിയോസ് ജോസഫ് കാതോലിക്കോസ് തിരുമേനിയുടെ സന്ദർശനം.

സഭാ ആസ്ഥാനത്തു മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലബാർ മെത്രാൻ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ചേർന്ന് മോർ ബസേലിയോസ് ജോസഫ് തിരുമേനിയെ സ്വീകരിച്ചു.

തുടർന്ന് സിനഡ് പിതാക്കന്മാരുമായും, മേജർ ആർകിഎപിസ്കോപ്പൽ ക്യൂരിയയിലെ മറ്റു അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. സഭകൾ തമ്മിൽ പ്രത്യേകിച്ച് സീറോമലബാർ സഭയും യാക്കോബായ സഭയും തമ്മിൽ വളർത്തിയെടുക്കേണ്ട സഹവർത്തിത്വത്തെക്കുറിച്ചും കൂട്ടായ്മയിലൂടെ ലോകത്തിനു നൽകേണ്ട ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും മോർ ബസേലിയോസ് ജോസഫ് തിരുമേനി എടുത്തുപറഞ്ഞു.

കാലഘട്ടത്തിലെ പ്രതിസന്ധികളെ ഒരുമിച്ചു നിന്ന് നേരിടാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യാക്കോബായ സഭയ്ക്ക് എപ്പോഴും ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാൻ സീറോമലബാർ സഭ സന്നദ്ധമാണെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉറപ്പുനൽകി. ഇരു സഭകളും തമ്മിലുള്ള പൊതുവായ വിശ്വസപൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത് സ്വാഗതം ആശംസിച്ചു. സി.ബി.സി.ഐ പ്രസിഡണ്ട് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Tags

Share this story

From Around the Web