‘ക്രിസ്തുവിനെ സ്നേഹിച്ച ഒരു മഹാനായ മനുഷ്യൻ’: കത്തോലിക്കാ എഴുത്തുകാരൻ റസ്സൽ ഷാ അന്തരിച്ചു

 
222

അമേരിക്കൻ ബിഷപ്പുമാർക്കുവേണ്ടി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച കത്തോലിക്കാ എഴുത്തുകാരനും പത്രപ്രവർത്തകനുമായ റസ്സൽ ഷാ ജനുവരി 6-ന്, 90-ാം വയസ്സിൽ അന്തരിച്ചു.

1935 മെയ് 19 ന് വാഷിംഗ്ടൺ ഡിസിയിൽ ജനിച്ച ഷാ, ഗോൺസാഗ ഹൈസ്കൂളിലും തുടർന്ന് ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി, ഒടുവിൽ 1960 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം നേടി.

പിന്നീട് അദ്ദേഹം വാഷിംഗ്ടൺ ഡിസി അതിരൂപതയുടെ പത്രമായ കാത്തലിക് സ്റ്റാൻഡേർഡിൽ തന്റെ കരിയർ തുടങ്ങി. അതിനുശേഷം അദ്ദേഹം നാഷണൽ കാത്തലിക് വെൽഫെയർ കോൺഫറൻസ് (എൻ‌ സി‌ ഡബ്ല്യു സി) ന്യൂസ് സർവീസ് അംഗമായി.

എൻ‌ സി‌ ഡബ്ല്യു‌ സിയിലെ ഷായുടെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം, യു എസ് ബിഷപ്പുമാരുമായി ബന്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ആദ്യം വെൽ‌ഫെയർ കോൺഫറൻസിലും ഒടുവിൽ നാഷണൽ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ്/യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് കോൺഫറൻസിൽ, നാഷണൽ കാത്തലിക് ഓഫീസ് ഫോർ ഇൻഫർമേഷന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തു.

അവിടെ അദ്ദേഹം കമ്മ്യൂണിക്കേഷൻ അസോസിയേറ്റ് സെക്രട്ടറി, പബ്ലിക് അഫയേഴ്‌സ് സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ വഹിച്ചു. 1971 നും 1987 നും ഇടയിൽ റോമിൽ നടന്ന ലോക ബിഷപ്പുമാരുടെ സിനഡുകളിലേക്കുള്ള യു എസ് പ്രതിനിധി സംഘങ്ങളുടെ പ്രസ് സെക്രട്ടറിയായും 1979 ലും 1987 ലും പോപ്പ് ജോൺ പോൾ രണ്ടാമന്റെ യു എസ് പാസ്റ്ററൽ സന്ദർശനങ്ങളിൽ മീഡിയ റിലേഷൻസിന്റെ ദേശീയ കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

തന്റെ കരിയറിൽ പിന്നീട്, ഷാ ഒരു ഫ്രീലാൻസ് എഴുത്തുകാരനായി പ്രവർത്തിച്ചു. അതിൽ വർഷങ്ങളോളം സി എൻ എയ്ക്കും സി എൻ എയുടെ സഹോദര വാർത്താ പങ്കാളിയായ നാഷണൽ കാത്തലിക് രജിസ്റ്ററിനും വേണ്ടി കോളങ്ങൾ എഴുതി.

ധാർമ്മികത, ധാർമ്മിക ദൈവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള കൃതികൾ ഉൾപ്പെടെ 20 ലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ, കാത്തലിക് സോഷ്യൽ സയൻസസ് എൻസൈക്ലോപീഡിയ എന്നിവയിലും സംഭാവനകൾ നൽകി.

‘ക്രിസ്തുവിനെ സ്നേഹിച്ച ഒരു മഹാനായ മനുഷ്യൻ’ വിടവാങ്ങി എന്നായിരുന്നു കത്തോലിക്കാ എഴുത്തുകാരിയും നാഷണൽ റിവ്യൂ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഫെലോയുമായ കാതറിൻ ജീൻ ലോപ്പസ്, ഷായുടെ മരണവാർത്തയെക്കുറിച്ചു പങ്കുവച്ചത്. “സഭ വെറും പുരോഹിതന്മാർ മാത്രമല്ല, നമ്മളെല്ലാവരും ചേർന്ന് സ്വർഗത്തിനുവേണ്ടി പ്രവർത്തിക്കുന്നതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web