ബാഴ്‌സലോണയിൽ കത്തോലിക്കാ പാരമ്പര്യം മായ്ക്കുന്നു: വിശുദ്ധരുടെ പേരുകൾ ഒഴിവാക്കി നഗരസഭ

 
223333

ബാഴ്‌സലോണയിലെ പൊതുസ്ഥലങ്ങളിൽ നിന്ന് മതപരമായ അടയാളങ്ങളും പേരുകളും നീക്കം ചെയ്യാനൊരുങ്ങി നഗരസഭ. ഏറ്റവും ഒടുവിലായി, സെന്റ് ജോസഫ് കലാസാൻസിന്റെ പേരിൽ അറിയപ്പെടുന്ന സ്ക്വയറിന്റെ പേര് മാറ്റി ‘സ്‌ക്വയർ ഓഫ് ദി ടർട്ടിൽസ്’ എന്നാക്കാൻ മേയർ ജോം കോൾബോണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചു. വരുന്ന ജൂണിൽ ലെയോ പതിനാലാമൻ മാർപാപ്പ നഗരം സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.

2023-ൽ അധികാരമേറ്റത് മുതൽ സോഷ്യലിസ്റ്റ് മേയറായ ജോം കോൾബോണി, നഗരത്തിലെ സ്ട്രീറ്റുകളിൽ നിന്ന് കത്തോലിക്കാ പാരമ്പര്യം തുടച്ചുനീക്കാനുള്ള വ്യവസ്ഥാപിത ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനകം തന്നെ സാന്താ മഗ്ദലീന, സാന്താ അന, സാന്താ റോസ, സാന്താ അഗത തുടങ്ങിയ വിശുദ്ധരുടെ പേരിലുള്ള തെരുവുകൾ ഈ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. വിഘടനവാദി പാർട്ടിയായ ‘ജണ്ട്സ് പെർ കാറ്റലൂന്യ’യുടെ പിന്തുണയോടെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. കൂടാതെ, മോൺസിഞ്ഞോർ ജോസ് മരിയ ഉർക്വിനോണയുടെ പേരിൽ അറിയപ്പെട്ടിരുന്ന പ്ലാസ ഉർക്വിനോണയുടെ പേര് മാറ്റി ഒരു അരാജകവാദിയുടെ പേര് നൽകാനും നീക്കമുണ്ട്.

അതേസമയം നഗരത്തിന്റെ ചരിത്രപരമായ മതപാരമ്പര്യം ഇല്ലാതാക്കാനുള്ള ഈ നീക്കത്തിനെതിരെ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കൺസൈൻസ് (OLRC) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ നിന്ന് ക്രൈസ്തവ നാമങ്ങൾ ബോധപൂർവ്വം ഒഴിവാക്കാനുള്ള ‘തീവ്ര മതേതര’ അജണ്ടയാണിതെന്ന് അവർ ആരോപിക്കുന്നു. പുരോഹിതനായ ജസീന്തോ വെർഡാഗുവറിന്റെ പേര് മായ്ക്കാനും ടുറോ ഡി ലാ പെയ്‌റ പാർക്കിലെ കുരിശ് നീക്കം ചെയ്യാനുമുള്ള നഗരസഭയുടെ പദ്ധതികൾക്കെതിരെയും സംഘടന കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു

ജൂൺ 10-ന് ലെയോ പതിനാലാമൻ മാർപാപ്പ ബാഴ്‌സലോണ സന്ദർശിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രശസ്തമായ സാഗ്രഡ ഫാമിലിയ ബസിലിക്കയിലെ യേശുക്രിസ്തുവിന്റെ ഗോപുരം പാപ്പാ ഉദ്ഘാടനം ചെയ്യുകയും കുരിശ് ആശീർവദിക്കുകയും ചെയ്യും. വാസ്തുശില്പി അന്റോണിയോ ഗൗഡിയുടെ ചരമശതാബ്ദിയോടനുബന്ധിച്ചാണ് ഈ സന്ദർശനം. ഇതേ ദിവസം തന്നെ മാർപാപ്പ മോണ്ട്സെറാത്തിലെ ആശ്രമവും സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web